ഫോര്‍ട്ടുകൊച്ചി: ഉദ്ഘാടന ചടങ്ങിന് താമസമുണ്ടെങ്കില്‍ അതിന് കാത്തുനില്‍ക്കാതെ ട്രയല്‍ റണ്‍ ആയി റോ-റോ സര്‍വീസ് തുടങ്ങുവാന്‍ നടപടി വേണമെന്ന് ഫോര്‍ട്ട് - വൈപ്പിന്‍ ജനകീയ കൂട്ടായ്മയുടെ യോഗം ആവശ്യപ്പെട്ടു. സര്‍വീസ് ആരംഭിക്കുവാന്‍ കൊച്ചി നഗരസഭ തീരുമാനമെടുത്ത സാഹചര്യത്തില്‍ 25 മുതല്‍ നടത്താനിരുന്ന നിരാഹാര സത്യാഗ്രഹം മാറ്റി വയ്ക്കാനും യോഗം തീരുമാനിച്ചു. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ കഴിഞ്ഞ നാലരമാസമായി ജങ്കാര്‍ സര്‍വീസ് നടക്കുന്നില്ല.

ഫെറി വഴിയുള്ള വാഹനഓട്ടം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

ജനം കഷ്ടപ്പെടുകയാണ്. റോ-റോ സര്‍വീസിന് വേണ്ടിയാണ് ജനം ഈ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങ് എപ്പോള്‍ വേണമെങ്കിലും നടത്താം. അതിന്റെ പേരില്‍ സര്‍വീസ് നീട്ടിവയ്ക്കരുതെന്ന് കൂട്ടായ്മയുടെ ചെയര്‍മാന്‍ മജ്‌നുകോമത്തും കണ്‍വീനര്‍ ജോണി വൈപ്പിനും അറിയിച്ചു.