ഫോര്‍ട്ടുകൊച്ചി: ആരോണ്‍ സിറിള്‍ ലണ്ടനില്‍ നിന്ന് പറന്നെത്തിയത് ഞായറാഴ്ചയാണ്. ഇംഗ്ലണ്ടിലെ ബോനാ വെന്‍ച്വര്‍സ് കാത്തലിക് സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ പതിന്നാലുകാരന്‍. അച്ഛനും അമ്മയ്ക്കും ഒപ്പം കൊച്ചിയിലെത്തിയ ആരോണ്‍ നേരെ ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്തേക്ക് പോയി. കൊച്ചുകുട്ടികളെ പന്തുകളി പഠിപ്പിക്കാന്‍. ലണ്ടനില്‍ പ്രമുഖ കളിക്കാരില്‍ നിന്ന് പന്തുകളിയുടെ ബാലപാഠങ്ങള്‍ പഠിച്ച ആരോണ്‍ സ്‌കൂളിലെ ഫുട്‌ബോള്‍ ക്യാപ്റ്റനാണ്. ലണ്ടനിലെ ഫ്‌ളാന്‍ഡേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ അംഗവുമാണ്. കുട്ടിക്കാലത്ത് തന്നെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. മലയാളികളായ പോള്‍ സിറിളിന്റെയും സൂസന്റെയും മകനായ ആരോണ്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ യു.കെ. യിലാണ്. ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് വെളി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ പരിശീലന പരിപാടിയെക്കുറിച്ച് അറിഞ്ഞാണ് ആരോണ്‍ കൊച്ചിയില്‍ വന്നത്. കുടുംബത്തോടൊപ്പമാണ് ആരോണ്‍ വന്നത്. ആറിനും ഒമ്പതിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആരോണ്‍ പരിശീലനം നല്‍കും. കുറച്ച് ദിവസം ഇവര്‍ കൊച്ചിയിലുണ്ടാകും. ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് നടക്കുന്ന ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ 125 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്.