ഫോര്‍ട്ടുകൊച്ചി: നാടകം ജീവിതമാക്കിയ കൊച്ചിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായിരുന്നു അത്. നാടകം പറയാനും ഓര്‍മകള്‍ പുതുക്കാനുമായി ഒരുക്കിവച്ച പകല്‍. ലോക നാടകദിനാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചി സി.സി.ഇ.എ. ഹാളിലൊരുക്കിയ നാടകക്കൂട്ടായ്മയില്‍ കൊച്ചിയിലെ പഴയകാല നാടക കലാകാരന്മാരും പാട്ടുകാരുമെല്ലാം ഒത്തുകൂടി.

സാലിമോന്‍ കുമ്പളങ്ങിയും മണി ഷണ്മുഖവും ചേര്‍ന്ന് പാടിയ ഉണര്‍ത്തുപാട്ടോടെയാണ് പരിപാടി തുടങ്ങിയത്. ചലച്ചിത്ര സംവിധായകന്‍ സിദ്ദിക് പരിപാടി ഉദ്ഘാടനം ചെയ്തു. നാടകകൃത്തും സംവിധായകനുമായ നെല്‍സണ്‍ ഫെര്‍ണാണ്ടസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മണ്‍മറഞ്ഞ കലാകാരന്മാരുടെ ഫോട്ടോ പ്രദര്‍ശനം നോവലിസ്റ്റ് പി.എഫ്. മാത്യൂസ് ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി. ബിയാട്രിസ്, ഐ.ടി. ജോസഫ്, പള്ളുരുത്തി സുബൈര്‍, ബേബി ജോണ്‍ ജോസഫ്, കെ.ആര്‍. മീനാരാജ്, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, പി.എ. സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക നാടക ദിനാഘോഷ കമ്മിറ്റി ഏര്‍പ്പെടുത്തിയ എഡ്ഡി മാസ്റ്റര്‍ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ സിദ്ദിക്, എന്‍.കെ.എ. ലത്തീഫിന് സമര്‍പ്പിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയ കലാനിലയം പീറ്റര്‍, മണി ഷണ്മുഖം, എ.പി. ബാബു എന്നിവരെയും കഥാപ്രസംഗ വേദിയില്‍ നാല്‍പ്പത് വര്‍ഷം പിന്നിട്ട ഇടക്കൊച്ചി സലിംകുമാറിനെയും ചടങ്ങില്‍ ആദരിച്ചു.

ജീവിച്ചിരിക്കുന്നവരും, മണ്‍മറഞ്ഞവരുമായ കൊച്ചിയിലെ കലാകാരന്മാരെ പരിചയപ്പെടുത്തുന്ന 'രംഗകലകളുടെ കൊച്ചി' എന്ന പുസ്തകം സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ പ്രകാശനം ചെയ്തു. നടി പൗളി പുസ്തകം ഏറ്റുവാങ്ങി. കൊച്ചിയില്‍ നിന്നുള്ള ധാരാളം നടന്മാരും പാട്ടുകാരും ഉപകരണസംഗീത കലാകാരന്മാരും പരിപാടിയില്‍ പങ്കെടുത്തു. ലഘുനാടകങ്ങളുടെ അവതരണവുമുണ്ടായി.