ഫോര്‍ട്ടുകൊച്ചി: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന. ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഫോര്‍ട്ടുകൊച്ചി കടപ്പുറത്തും പരിസരങ്ങളിലുമുള്ള കടകളിലാണ് പരിശോധന നടത്തിയത്.

ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്ന് പഴകിയ ചിക്കന്‍, ബീഫ്, ചോറ് എന്നിവ പിടിച്ചെടുത്തു. ഫോര്‍ട്ടുകൊച്ചി എക്‌സല്‍ ഹോട്ടല്‍, മരിയ ഹോട്ടല്‍ എന്നിവിടങ്ങളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി.

തട്ടുകടകളിലെ വിഭവങ്ങള്‍ പലതും ഏറെ പഴക്കമുള്ളതായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കാനയുടെ മുകളില്‍ വെച്ചിരുന്ന കുടിവെള്ളം അധികൃതര്‍ ഒഴുക്കിക്കളഞ്ഞു. മോശമായ ഐസും പിടിച്ചെടുത്തു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാലിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ റെയ്മണ്ട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, നീത, ബിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.