ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി ശ്രീകരം സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇപ്പോള്‍ ആറ് മെഷീനാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഷിഫ്റ്റാണ് പ്രവര്‍ത്തിക്കുന്നത്. ദിവസം 18 രോഗികള്‍ക്ക് മാത്രമാണ് ഡയാലിസിസിന് സൗകര്യമുള്ളത്. അമ്പതോളം രോഗികള്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്.

അഞ്ച് പുതിയ മെഷീനുകള്‍ ആറ് മാസമായി വെറുതെ ഇയിരിക്കുന്നു. ഈ മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും രണ്ട് ഷിഫ്റ്റ് അനുവദിക്കുകയും ചെയ്താല്‍ എല്ലാ രോഗികള്‍ക്കും ഡയാലിസിസ് യൂണിറ്റിന്റെ പ്രയോജനം ലഭിക്കും. ഇതിന് ജീവനക്കാരെ നിയമിക്കണം. സര്‍ക്കാരും കൊച്ചി നഗരസഭയും ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണം- ശ്രീകരം പ്രസിഡന്റ് ആര്‍. പ്രകാശ്, സെക്രട്ടറി എം.ജി. പൈ എന്നിവര്‍ ആവശ്യപ്പെട്ടു.