ഫോര്‍ട്ടുകൊച്ചി: കൊച്ചി കാണാനെത്തിയ വിദേശസഞ്ചാരിയുടെ പേഴ്‌സും പണവും രേഖകളും തട്ടിയെടുത്ത സംഭവത്തില്‍ ഓട്ടോഡ്രൈവറെ ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി സിനാര്‍ (31) ആണ് അറസ്റ്റിലായത്. കപ്പലില്‍ കൊച്ചിയിലിറങ്ങിയ അമേരിക്കന്‍ വിദ്യാര്‍ഥിസംഘത്തിലുണ്ടായിരുന്ന എല്‍വീസ് മട്ടോയുടെ പേഴ്‌സും പണവും രേഖകളുമാണ് മോഷണംപോയത്. ഞായറാഴ്ചയായിരുന്നു സംഭവം.

കൊച്ചി തുറമുഖത്ത് നിന്ന് എല്‍വീസും സുഹൃത്ത് മഗ്ഗോവും ഓട്ടോയിലാണ് ഫോര്‍ട്ടുകൊച്ചിയില്‍ വന്നത്. ഒരു ഹോം സ്റ്റേയില്‍ ഇറങ്ങിയ ഇവരുടെ സാധനങ്ങള്‍ ഇറക്കാന്‍ ഡ്രൈവര്‍ സഹായിക്കുകയും ചെയ്തു. ഇതിനുശേഷം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് പണവും രേഖകളും നഷ്ടപ്പെട്ടതായി ഇവര്‍ അറിയുന്നത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു.

ഓട്ടോറിക്ഷാ ഡ്രൈവറെയായിരുന്നു ഇവര്‍ക്ക് സംശയം. തുടര്‍ന്ന് പോലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ കണ്ടെത്തി. എന്നാല്‍, ഓട്ടോഡ്രൈവര്‍ കൈമലര്‍ത്തി. തുടര്‍ന്ന് പോലീസ് ഓട്ടോ പരിശോധിച്ചപ്പോള്‍ മൂന്ന് ഡോളറുകള്‍ അതിനകത്ത് കണ്ടെത്തിയത്രെ. എന്നാല്‍, അത് തന്റേതാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് പോലീസ് ഓട്ടോഡ്രൈവറെ ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതെന്ന് ഫോര്‍ട്ടുകൊച്ചി സി.ഐ. പി. രാജ്കുമാര്‍ പറയുന്നു.

60.000 രൂപ വിലമതിക്കുന്ന ഡോളറുകളാണ് പേഴ്‌സിലുണ്ടായിരുന്നത്. ഇതുകൂടാതെ, എ.ടി.എം. കാര്‍ഡുകള്‍, കപ്പലില്‍ സഞ്ചരിക്കുന്നതിനുള്ള എമിഗ്രേഷന്‍ രേഖകള്‍, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയുമുണ്ടായിരുന്നു. അതേസമയം, പണമെടുത്ത ശേഷം ഓട്ടോഡ്രൈവര്‍ പേഴ്‌സ് വലിച്ചെറിഞ്ഞതായും പോലീസ് കണ്ടെത്തി. പണവും രേഖകളും പേഴ്‌സും പിന്നീട് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.