ഫോര്‍ട്ടുകൊച്ചി: കൊച്ചിയിലെ പാട്ടുകാരുടെയും നാടകക്കാരുടെയും കൂട്ടായ്മയായിരുന്നു അത്. ഫോര്‍ട്ടുകൊച്ചിയിലെ കോക്കേഴ്‌സ് തീയേറ്റര്‍ പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഓഡിറ്റോറിയം കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. രാഷ്ട്രീയമൊന്നും പറഞ്ഞില്ല. പ്രസംഗങ്ങള്‍ ഒഴിവാക്കിയ കലാകാരന്മാര്‍ പാട്ടുകള്‍ പാടി, നാടകം അവതരിപ്പിച്ചു.

നിരവധി കലാകാരന്മാര്‍ പങ്കെടുത്ത സംഘഗാനത്തോടെയാണ് പരിപാടി തുടങ്ങിയത്. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ ഗായകന്‍ മൈക്കിളിന് മൈക്ക് കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. എഴുതിയ മത്തായിയുടെ മരണം എന്ന നാടകം ഐ.ടി. ജോസഫും, മീനാരാജും ചേര്‍ന്ന് അവതരിപ്പിച്ചു. കൊച്ചിയിലെ 30 ഓളം പാട്ടുകാര്‍ പാടി. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, കൗണ്‍സിലര്‍മാരായ ഷീബാലാല്‍, ഷൈനി മാത്യു എന്നിവരും പങ്കെടുത്തു. കോക്കേഴ്‌സ് തീയേറ്ററിന് മുന്നിലായിരുന്നു പരിപാടി.

കോക്കേഴ്‌സ് തീയേറ്റര്‍ കൊച്ചി നഗരസഭ ഏറ്റെടുത്തെങ്കിലും പിന്നീട് ഒന്നും നടന്നിട്ടില്ല. സംഗീത നാടക മേഖലയില്‍ വലിയ പാരമ്പര്യമുള്ള കൊച്ചിയില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഓഡിറ്റോറിയമില്ല. ഈ കുറവ് പരിഹരിക്കണമെന്നാണ് കലാകാരന്മാരുടെ ആവശ്യമെന്ന് സംഘാടകസമിതി ഭാരവാഹികളായ ബേബി ജോണ്‍ ജോസഫ്, ഐ.ടി. ജോസഫ് എന്നിവര്‍ പറഞ്ഞു.