ഫോര്‍ട്ടുകൊച്ചി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍പിടിത്തം നടത്തിയ കേസില്‍ ബിയോ ഹിങ്കീസ് എന്ന തമിഴ്‌നാടന്‍ ബോട്ടിന്റെ ലൈസന്‍സും, രജിസ്‌ട്രേഷനും ഫിഷറീസ് വകുപ്പ് റദ്ദാക്കി. ബോട്ടിന് 2,87,500 രൂപ പിഴയും ചുമത്തിയിട്ടുള്ളതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് അറിയിച്ചു.

അതിര്‍ത്തി ലംഘനത്തിന് ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മിഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ബോട്ടാണിത്. കഴിഞ്ഞ ചൊവ്വാഴ്ച തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. തമിഴ്‌നാട് സ്വദേശി നസിയാന്‍സ് എന്നയാളുടേതാണ് ബോട്ട്. ആരോഗ്യ അണ്ണൈ എന്ന് പേര് മാറ്റിയാണ് ഈ ബോട്ട് കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവന്നത്. ഈ ബോട്ട് പിടിച്ചെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും നിര്‍ദേശം നല്‍കിയിരുന്നു.