ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി കടപ്പുറത്തിനടുത്തുള്ള മാലിന്യക്കുഴി വീണ്ടും വിദേശസഞ്ചാരികളെ ചതിച്ചു. ഇക്കുറി കുഴിയില്‍ വീണത് നെതര്‍ലന്‍ഡില്‍ നിന്നുള്ള ദമ്പതിമാരാണ്. കടപ്പുറത്തെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടയില്‍ സ്ത്രീയാണ് ആദ്യം വീണത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ അവരുടെ ഭര്‍ത്താവും കുഴിയിലേക്ക് തെന്നി വീണു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

സംഭവം നടന്ന ഉടനെ മീന്‍കച്ചവടക്കാരുള്‍പ്പെടെ നാട്ടുകാരെത്തി ഇവരെ പിടിച്ചുകയറ്റി. സംഭവസമയത്ത് കടപ്പുറത്തുണ്ടായിരുന്ന ജനകീയ സമിതി കണ്‍വീനര്‍ എ. ജലാല്‍ കുഴിയിലേക്ക് ഇറങ്ങി വിദേശ വനിതയെ കരയ്ക്ക് കയറ്റുകയാണുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഇവരുടെ ദേഹത്ത് വെള്ളമൊഴിച്ച് അഴുക്ക് നീക്കി. കടലിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന തോടാണിത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടയില്‍ ഇവിടെ മൂന്ന് അപകടങ്ങളുണ്ടായി. കുഴിയില്‍ വീഴുന്നത് വിദേശസഞ്ചാരികളാണ്. തോടും കുഴിയും വൃത്തിയാക്കുന്നതിനോ, അപകടം ഒഴിവാക്കുന്നതിനോ ഒരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

വിദേശ സഞ്ചാരികള്‍ മാലിന്യക്കുഴിയില്‍ വീഴുന്നത് വഴി ടൂറിസം മേഖയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. കടപ്പുറം കാണാനെത്തുന്നവര്‍ അപ്രതീക്ഷിതമായി കുഴിയില്‍ വീഴുന്ന സാഹചര്യമാണ് ഫോര്‍ട്ടുകൊച്ചിയിലുള്ളത്. കൊച്ചിയുടെ പ്രതിച്ഛായ മോശമാക്കുന്ന ഈ വിഷയത്തില്‍ അധികൃതര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും പ്രശ്‌നത്തെ ഗൗരവത്തോടെ കാണാന്‍ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും കൂട്ടാക്കുന്നില്ല.