ചെറായി: തമിഴ്‌നാട്ടില്‍ ട്രോളിങ് നിരോധനം പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നും കേരളതീരത്തേക്ക് ചേക്കേറിയ മത്സ്യബന്ധന ബോട്ടുകള്‍ വ്യാപകമായി ചെറുത്സ്യങ്ങളെ പിടിക്കുന്നതായി പരാതി.

ഇവര്‍ ടണ്‍കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെയാണ് മുനമ്പം ഹാര്‍ബറില്‍ എത്തിക്കുന്നത്.

വലുതായാല്‍ വന്‍വില ലഭിക്കുന്ന ആവോലി, കിളി, കലവ, നെയ്മീന്‍ തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളാണ് ഏറെയും. പെലാജിക് വലകള്‍ ഉപയോഗിച്ചാണ് ഇവ കടലില്‍ നിന്നും പിടികൂടുന്നത്. പിടികൂടുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ മത്സ്യത്തീറ്റയ്ക്കും വളത്തിനുമായി കേരളത്തിനു പുറത്തേക്ക് കയറ്റി അയയ്ക്കുകയാണ്.

ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനാല്‍ ആരെയും ഭയപ്പെടാതെയാണ് ബോട്ടുകള്‍ നിയമവിരുദ്ധമായ മത്സ്യബന്ധനം നടത്തി വരുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.

നേരത്തെ ഫിഷറീസ് വകുപ്പ് ഹാര്‍ബറില്‍ പരിശോധനകള്‍ നടത്തി ചെറുമത്സ്യങ്ങളെ കൊണ്ടുവരുന്ന ബോട്ടുകള്‍ പിടികൂടി നടപടിയെടുത്തിരുന്നു. ഇപ്പോള്‍ ഇത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മുന്‍കാലത്തെ അപേക്ഷിച്ച് മത്സ്യലഭ്യത നാലിലൊന്നായി ചുരുങ്ങിയ യാഥാര്‍ഥ്യം മനസ്സിലാക്കി എം.പി.ഇ.ഡി.എ., സി.എം. എഫ്.ആര്‍.ഐ. പോലുള്ള ഏജന്‍സികള്‍ ചെറുമത്സ്യവേട്ടയ്‌ക്കെതിരേയും മറ്റ് അശാസ്ത്രീയ മത്സ്യബന്ധനങ്ങള്‍ക്കെതിരേയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കടലില്‍ വന്‍ പൊടിമീന്‍ വേട്ട നടക്കുന്നതും ശ്രദ്ധേയമാണ്.