കൊച്ചി: ഞെക്കിപ്പിഴിഞ്ഞ് അവസാനം എറണാകുളത്തെ പോളിങ് 57.89 ശതമാനത്തില്‍ എത്തിച്ചു. നേതാക്കള്‍ സകല പണിയും എടുത്തിട്ടാണ് പോളിങ് ഇത്രയെങ്കിലും എത്തിക്കാന്‍ സാധിച്ചത്. ആകെ 1,55,306 വോട്ടര്‍മാര്‍ ഉള്ളതില്‍ 89,919 പേര്‍ വോട്ടു ചെയ്തു. ഇതില്‍ 46,223 പുരുഷന്മാരും 43,695 സ്ത്രീകളുമാണുള്ളത്. ഒരു ട്രാന്‍സ്ജെന്ററും.

ജനങ്ങള്‍ പേമാരിയുടെ ദുരിതം പേറുമ്പോള്‍, അവരെ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു കഴിയാത്ത അവസ്ഥയായിരുന്നു.

കോരിച്ചൊരിഞ്ഞ മഴയത്ത് പോളിങ് ബൂത്തുകളും വഴികളുമെല്ലാം വെള്ളത്തില്‍ മുങ്ങി. പത്തോളം ബൂത്തുകളില്‍ വെള്ളം കയറിയതിനാല്‍ രാവിലെ പറഞ്ഞ സമയത്ത് പോളിങ് തുടങ്ങാനായില്ല. ഇവയെല്ലാം അതേ കെട്ടിടത്തിലെ മുകളിലെ നിലയിലേക്കും മറ്റും മാറ്റിയ ശേഷമാണ് വോട്ടിങ് തുടങ്ങിയത്.

അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളില്‍ 64-ാം നമ്പര്‍ ബൂത്തിലും വില്ലങ്ടണ്‍ ഐലന്‍ഡ് കഠാരിബാഗിലെ ബൂത്തിലും വെള്ളം കയറിയതിനാല്‍ പോളിങ് തുടങ്ങാനായില്ല. അയ്യപ്പന്‍കാവില്‍ മുട്ടറ്റം വെള്ളം കയറി. ഇവിടെ മൂന്നു പോളിങ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി. ഏഴു മണിക്ക് പോളിങ് തുടങ്ങണമായിരുന്നെങ്കിലും ബഹുഭൂരിഭാഗം സ്ഥലങ്ങളിലും പത്തു മിനിറ്റ് കഴിഞ്ഞിട്ടാണ് വോട്ടിങ് നടപടികള്‍ തുടങ്ങിയത്. 135 ബൂത്തുകളുള്ളതില്‍ ഏഴരയോടെ 123 ബൂത്തുകളില്‍ പോളിങ് തുടങ്ങി. എട്ടു മണിക്കു ശേഷം 82 ശതമാനം ബൂത്തുകളില്‍ രണ്ട് ശതമാനം പോളിങ് രേഖപ്പെടുത്തി. എട്ടേകാലോടെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചെങ്കിലും അയ്യപ്പന്‍കാവിലെ 64-ാം നമ്പര്‍ ബൂത്തില്‍ വെള്ളം പ്രശ്‌നമായി. അവിടെയും ബദല്‍ ബൂത്തുണ്ടാക്കി പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഒമ്പതുമണിയോടെ 4.93 ശതമാനം പോളിങ് രേഖപ്പെടുത്തി.

മഴ കനത്തപ്പോള്‍ യു.ഡി.എഫ്. േനതാക്കളുടെ നെഞ്ചിടിപ്പ് കൂടി. ഇടതു പ്രവര്‍ത്തകര്‍ ആഹ്ലാദിച്ചു. പോളിങ് കുറഞ്ഞാല്‍ താന്‍ വിജയിക്കുമെന്ന് ഇടതുസ്ഥാനാര്‍ത്ഥി മനു റോയ് തുറന്നുപറയുകയും ചെയ്തു. പോളിങ് മാറ്റിവെയ്ക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിട്ടും അത് ശക്തമായി പറയാന്‍ യു.ഡി.എഫ്. നേതൃത്വം തുനിഞ്ഞില്ല. ചില നേതാക്കള്‍ പോളിങ് മാറ്റിവെയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ച് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാലും പറഞ്ഞു. എന്നാല്‍, തങ്ങളുടെ ഏറ്റവും ശക്തികേന്ദ്രമായ ചേരാനല്ലൂര്‍ പഞ്ചായത്തില്‍ മഴയെ അവഗണിച്ചും വോട്ടര്‍മാര്‍ രാവിലെ എത്തിയത് യു.ഡി.എഫിന് ആശ്വാസം നല്‍കുന്നതായി മാറി.

ഇതിനിടെ പോളിങ് മാറ്റിവെയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതും ജനങ്ങളില്‍ മടിയുണ്ടാക്കി. എന്നാല്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എറണാകുളത്തെ പോളിങ് മാറ്റിവെയ്ക്കില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തി. അക്കാര്യം ജില്ലാ കളക്ടര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

എറണാകുളം ഉപ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം ദീര്‍ഘിപ്പിക്കുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സാഹചര്യം വിലയിരുത്തി കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അഞ്ച് ബൂത്തുകളിലാണ് വോട്ടിങ് ശതമാനത്തില്‍ കുറവുള്ളത്. ഇത് മൂന്നു മണി വരെ വിലയിരുത്തിയ ശേഷം കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ വിശദീകരിച്ചു.

ഉച്ചയോടെ പോളിങ് മെല്ലെയാണെങ്കിലും പുരോഗമിക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ 39,648 പേര്‍ വോട്ടു ചെയ്തു. 25.5 ശതമാനം മാത്രമായിരുന്നു അത്. ഉച്ചയ്ക്കുശേഷം മാനം ചെറുതായി തെളിഞ്ഞു. രണ്ടു മണിയായപ്പോള്‍ പോളിങ് മുപ്പതു ശതമാനമായി. പോളിങ് അറുപത് കടക്കുമെന്ന് നേതാക്കള്‍ കണക്കുകൂട്ടി. വെള്ളം പൊങ്ങി ഏറെ ബുദ്ധിമുട്ടുണ്ടായ പ്രദേശങ്ങളില്‍ പോളിങ് ശതമാനം പരിശോധിച്ച ശേഷം അവിടെ മാത്രം റീപോളിങ് ഉണ്ടാവുമെന്ന പ്രചാരണവും പ്രവര്‍ത്തകരില്‍ ഉണ്ടായി. മൂന്നരയായപ്പോള്‍ പോളിങ് നാല്പതു ശതമാനത്തിലേക്ക് എത്തി. അഞ്ചുമണിയായതോടെ പോളിങ് അമ്പത്തൊന്നു ശതമാനമായി. ഇതോടെ പോളിങ് സമയം നീട്ടില്ലെന്ന് കളക്ടറുടെ പ്രഖ്യാപനം വന്നു. ആറുമണി വരെ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടു ചെയ്യാന്‍ അവസരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. അപ്പോള്‍ പോളിങ് 53.32 ശതമാനമായിരുന്നു. പോളിങ് അവസാനിക്കുന്ന ആറു മണിക്ക്് 108 ബൂത്തുകളില്‍ പോളിങ് അവസാനിച്ചു. എന്നാല്‍ 27 ബൂത്തുകളില്‍ ക്യൂ ദൃശ്യമായി. ഏഴു മണിയായപ്പോഴും 19 ബൂത്തുകളില്‍ പോളിങ് നടക്കുകയായിരുന്നു. അപ്പോള്‍ 57.54 ആയിരുന്നു പോളിങ് ശതമാനം.