പദ്ധതിയുടെ ലക്ഷ്യം മറുനാടന്‍ തൊഴിലാളികളുടെ മക്കളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനം



പെരുമ്പാവൂര്‍:
മറുനാടന്‍ തൊഴിലാളികളുടെ കുട്ടികളെ കേരളീയ സമൂഹത്തിന്റെ ഭാഗമാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'റോഷ്‌നി' യെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പ്രദേശത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി ജില്ലയില്‍ നടപ്പാക്കുന്ന റോഷ്‌നി പദ്ധതി സംസ്ഥാനത്തിനൊട്ടാകെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പാവൂരില്‍ കണ്ടന്തറ ഗവ. യു.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തൊഴില്‍ തേടി കേരളത്തിലെത്തിയ വലിയൊരു വിഭാഗം പാര്‍ശ്വവത്കരിക്കപ്പെടാതിരിക്കണമെങ്കില്‍ ഇത്തരം പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന േപ്രാജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടിക്കൃഷ്ണന്‍, കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുംതാസ്, വെങ്ങോല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു, ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന്, എസ്.എസ്.എ. യുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് റോഷ്‌നി പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ കൂടുതല്‍ പഠിക്കുന്ന തൃക്കണാര്‍വട്ടം യൂണിയന്‍ എല്‍.പി. സ്‌കൂള്‍, പൊന്നുരുന്നി ഗവ. എല്‍.പി. സ്‌കൂള്‍, ബിനാനിപുരം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്‍. ആണ്.