കൊച്ചി: ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ കാലത്ത് വിശാല കൊച്ചി വികസന അതോറിറ്റിയില്‍ നടന്നതെന്ന് പുതുതായി ചുമതലയേറ്റ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. അവിശ്വസനീയമായ, സാമാന്യ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടന്നിട്ടുള്ളത്. ഇതറിയാന്‍ അതോറിറ്റിയുടെ പൊതു ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ മാത്രം നോക്കിയാല്‍ മതി.

ഷോപ്പിങ് കോംപ്ലക്‌സുകളിലെ കോറിഡോര്‍ വരെ ചുരുങ്ങിയ വാടകയ്‌ക്കെടുത്ത് ചിലര്‍ അത് അഞ്ചും ആറും പേര്‍ക്ക് വന്‍ തുകയ്ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. എറണാകുളത്തെയും പനമ്പിള്ളി നഗറിലെയും ഷോപ്പിങ് കോംപ്ലക്‌സുകളിലും നെഹ്‌റു സ്റ്റേഡിയത്തിലുമെല്ലാം ഇതു തന്നെയാണ് സ്ഥിതി.

അതോറിറ്റി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് മാറിപ്പോയതാണ് പ്രശ്‌നം. ജി.സി.ഡി.എ.യില്‍ നടന്നതെന്തെന്ന് ജനങ്ങള്‍ അറിയണം. ഇതിനായി ഒരു ധവളപത്രം ഇറക്കാന്‍ ആലോചിക്കുകയാണ്. വികസന അതോറിറ്റി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും മോഹനന്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.

വികസന അതോറിറ്റിയില്‍ ചില കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും. അതു കൂടാതെ ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങളും വിജിലന്‍സിന് കൈമാറും. ശരിയായ ദിശയില്‍ വേഗത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.

അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കും

വികസന അതോറിറ്റിയുടെ ഒരു തുണ്ടുഭൂമി പോലും നഷ്ടമാക്കില്ല. ഒരൊറ്റ പൈസ പോലും പാഴാക്കില്ല. സര്‍ക്കാരിന്റേയും പോലീസിന്റേയും വിജിലന്‍സിന്റേയും സഹായത്തോടെ ഭൂമി മുഴുവന്‍ തിരിച്ചുപടിക്കും. കലൂര്‍ സ്റ്റേഡിയത്തിലെ കണ്ണായ സ്ഥലം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ കോളേജിന് കൈമാറിയത് തിരിച്ചുപിടിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും.
 
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സഹായം തേടും. സ്ഥലങ്ങള്‍ വെച്ചുമാറിയതിലും മറ്റും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ബണ്ട് റോഡിനായി താരതമ്യേന വില കുറഞ്ഞ 25 സെന്റ് ഏറ്റെടുത്തിട്ട്, അവര്‍ക്ക് പനമ്പിള്ളി നഗറിലെ ഏറ്റവും വില കൂടിയ 20 സെന്റ് സ്ഥലമാണ് നല്‍കിയത്. ഓരോ 'സ്‌കീമി'നും വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം അതിനു മാത്രമേ ഉപയോഗിക്കാവൂ. എന്നാല്‍ ഇവിടെ കുറെ സ്ഥലങ്ങള്‍ മാറ്റിയിട്ട് മറിച്ചു വില്‍ക്കുകയാണ്. സ്ഥലം വില്‍ക്കണമെങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരം വാങ്ങേണ്ടതുമുണ്ട്്.

നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി ഒരു ദൗത്യസംഘത്തെ നിയോഗിക്കും. അതോറിറ്റിയുടെ ഷോപ്പിങ് കോംപ്ലക്‌സുകളുടേയും വാടക മുറികളുടേയുമെല്ലാം ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ച് എല്ലാം പുതുക്കി നിശ്ചയിക്കും. കുറഞ്ഞ വാടകയ്ക്ക് എടുത്ത് വന്‍ വാടകയ്ക്ക് മറിച്ചുകൊടുക്കുന്നത് അവസാനിപ്പിക്കും. ഒരുതുണ്ടു ഭൂമിയോ ഒരു രൂപയോ നഷ്ടമാകാതെ അതിന്റെ കാവലാളായി വികസന അതോറിറ്റിയുടെ ജനറല്‍ കൗണ്‍സിലും എക്‌സിക്യുട്ടീവും പ്രവര്‍ത്തിക്കും. അതോറിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് നിരക്കാത്ത ഒരു ഭൂമി ഇടപാടും ഇനിയുണ്ടാവില്ല.