കൊച്ചി: തകർച്ചനേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കലാണ്‌ കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന്‌ കേന്ദ്ര തൊഴിൽ വകുപ്പ്‌ സഹമന്ത്രി ബന്ദാരു ദത്താേത്രയ പറഞ്ഞു. ബി.എം.എസ്‌. നേതൃത്വത്തിൽ എറണാകുളം തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ‘അസംഘടിത തൊഴിലാളി സംഗമം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തെലങ്കാനയിലെ രാമഗുണ്ടം രാസവളം പ്രോജക്ടിന്റെ പുനർജീവനത്തിനായി കേന്ദ്രസർക്കാർ 5000 കോടിയാണ്‌ അനുവദിച്ചത്‌. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിലനില്പിന്‌ കേന്ദ്രസർക്കാർ വലിയ സഹായങ്ങളാണ്‌ നൽകിയിട്ടുള്ളത്‌. 

രാജ്യത്തെ എല്ലാത്തരം തൊഴിലാളികളെയും സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ്‌ കേന്ദ്രസർക്കാർ ‘കോഡ്‌ ഓഫ്‌ സോഷ്യൽ സെക്യൂരിറ്റി ആൻഡ്‌ വെൽെഫയർ’ എന്ന പേരിൽ പുതിയ ലേബർ കോഡ്‌ കൊണ്ടുവരുന്നതെന്നും കേന്ദ്ര തൊഴിൽ സഹമന്ത്രി പറഞ്ഞു.

ബി.എം.എസ്‌. സംസ്ഥാന പ്രസിഡന്റ്‌ കെ.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ബി.എം.എസ്‌. മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ. സി.കെ. സജി നാരായണൻ, ബി.എം.എസ്‌. ദക്ഷിണ ഭാരത ഓർഗനൈസിങ്‌ സെക്രട്ടറി എൻ.എം. സുകുമാരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ എൻ.കെ. മോഹൻദാസ്‌, ബി.ജെ.പി. മധ്യമേഖല സെക്രട്ടറി എം.പി. ശങ്കരൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ടി.പി. സിന്ധുമോൾ സ്വാഗതവും ബി.എം.എസ്‌. ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ നന്ദിയും പറഞ്ഞു.