ഏലൂര്‍: പെരിയാറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിനടുത്താണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കരിമീന്‍, മതുരാന്‍, കൊഞ്ച്, കോലാന്‍ തുടങ്ങിയ മത്സ്യങ്ങളൊക്കെ ചത്തുപൊങ്ങിയവയില്‍പ്പെടും. വ്യാഴാഴ്ച വൈകീട്ടും ഈ ഭാഗത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു.

പുഴയില്‍ ഇവിടെ വെള്ളം തവിട്ടുനിറത്തിലായിരുന്നു. വെള്ളത്തിനു മുകളില്‍ എണ്ണപ്പാട പോലെയുണ്ടായിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ പൊടിമീനുകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു പൊങ്ങി. സമീപവാസികള്‍ പുഴയിലിറങ്ങി മത്സ്യങ്ങള്‍ പിടിച്ചു. കുട്ടവഞ്ചിക്കാരുമെത്തി മത്സ്യങ്ങള്‍ ശേഖരിച്ചു.

നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് ഏലൂര്‍ വില്ലേജ് ഓഫീസര്‍, ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

പെരിയാറിലെ വെള്ളം മലിനമായതിനെ തുടര്‍ന്നാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. എന്തു കാരണം കൊണ്ടാണ് പെരിയാറില്‍ ഈ ഭാഗങ്ങളില്‍ ഇടയ്ക്കിടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതെന്ന് കൃത്യമായി കണ്ടുപിടിക്കാനായിട്ടില്ല.

പുഴവെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാറുണ്ട്. മഞ്ഞുമ്മല്‍ ആറാട്ടുകടവ് പാലത്തിനു സമീപം ഒരിക്കല്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. അന്ന് പുഴവെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന് കണ്ടെത്തിയിരുന്നു.