ഏലൂര്‍: പെരിയാറില്‍ ഏലൂര്‍ ഫാക്ട് മാര്‍ക്കറ്റിന് സമീപം പുതിയതായി നിര്‍മ്മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന് അടുത്ത് വീണ്ടും മത്സ്യങ്ങള്‍ പിടഞ്ഞു പൊങ്ങി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ പിടഞ്ഞ് പൊങ്ങിയത്. കരിമീന്‍, കൊഴുവ, വാള, കൂരി, കൊഞ്ച്, പരല്‍മീന്‍, പൊടിമീന്‍ തുടങ്ങിയവയാണ് ചത്തത്.
പുഴവെള്ളത്തിന് ഇവിടെ കറുത്ത നിറമായിരുന്നു, ദുര്‍ഗന്ധവും ഉണ്ടായിരുന്നു. റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അടച്ചിട്ടിരുന്ന ഷട്ടര്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് തുറന്നത്. ഇതിന് ശേഷമാണ് മത്സ്യങ്ങള്‍ ചത്തതെന്ന് സമീപവാസികള്‍ പറഞ്ഞു. ഈ മാസം പെരിയാറില്‍ ഉണ്ടാകുന്ന മൂന്നാമത്തെ മത്സ്യക്കുരുതിയാണിത്. കോട്ടക്കടവിന് സമീപവും വെട്ടുകടവിന് സമീപവുമാണ് ഇതിന് മുമ്പ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത്.
മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നതിന്റെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാര്‍ മത്സ്യക്കുരുതി ഉണ്ടാകുമ്പോള്‍ പുഴയില്‍ നിന്ന് ജല സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് മത്സ്യക്കുരുതി ഉണ്ടാകുന്നതെന്ന് കണ്ടുപിടിയ്ക്കാനായിട്ടില്ല. മത്സ്യക്കുരുതി തടയുന്നതിനുള്ള ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.