ഏലൂര്‍: പെരിയാറില്‍ ഏലൂര്‍ വെട്ടുകടവിന് സമീപം ശനിയാഴ്ച മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇതേത്തുടര്‍ന്ന് വിവിധ സംഘടനകള്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു. പെരിയാറില്‍ നിരന്തരം മത്സ്യക്കുരുതി നടന്നിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടപടികളെടുക്കുന്നില്ലന്നാരോപിച്ചായിരുന്നു സമരം.
എടയാറിലെ ഒരു സ്വകാര്യ വ്യവസായശാലയില്‍ നിന്ന് മാലിന്യം ഒഴുക്കിയതിനാലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്നും ഈ വ്യവസായ ശാല അടച്ചു പൂട്ടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകരാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ആദ്യം സമരത്തിനെത്തിയത്. തുടര്‍ന്ന് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ എത്തി. ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിജി ബാബുവിന്റെയും വൈസ് ചെയര്‍മാന്‍ എ.ഡി. സുജിലിന്റെയും കൗണ്‍സിലര്‍മാരായ പി. അജിത്ത് കുമാര്‍, ജെസ്സി തുടങ്ങിയവരുടെയും നേതൃത്വത്തിലായിരുന്നു എല്‍.ഡി.എഫ്. പ്രവര്‍ത്തകരെത്തിയത്.
പരിസ്ഥതി പ്രവര്‍ത്തകരായ പുരുഷന്‍ ഏലൂര്‍, അന്‍വര്‍, ആദംകുട്ടി, ഷിബു മാനുവല്‍ തുടങ്ങിയവരും സമരത്തിന് നേതൃത്വം നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എബി വര്‍ഗീസുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്കേ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയൂ എന്ന് എബി വര്‍ഗീസ് പറഞ്ഞു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരോ ജില്ലാ കളക്ടറോ സ്ഥലത്ത് വന്ന് പ്രശ്‌നം പരിഹരിക്കട്ടെ എന്ന നിലപാടില്‍ സമരക്കാരും ഉറച്ച് നിന്നു. രാത്രിയും സമരം തുടരുകയാണ്.