കൊച്ചി: വേവിച്ച കപ്പയെയും നല്ല എരിവുള്ള മീന്‍കറിയെയും കുറിച്ചു പറഞ്ഞാല്‍ത്തന്നെ നാവില്‍ വെള്ളമൂറും. സി.എം.എഫ്.ആര്‍.ഐ.യിലേക്ക് കയറിവരുന്നവരെ എതിരേല്‍ക്കുന്നതു തന്നെ നല്ല പുഴുങ്ങിയ കപ്പയുടെ മീന്‍കറിയുടെയും നല്ല ബീഫ് കറിയുടെയും മണമാണ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) സംഘടിപ്പിക്കുന്ന രാജ്യന്തര സഫാരി സമ്മേളനത്തോടനുബന്ധിച്ച്, ജനങ്ങള്‍ക്കായുള്ള മത്സ്യഭക്ഷ്യ-കാര്‍ഷിക മേളയില്‍ ശ്രദ്ധേയമാകുകയാണ് കുടുംബശ്രീ സ്റ്റാള്‍. മുളക് ബജി, മുട്ട ബജി, സാലഡുകള്‍ എന്നിവയും സ്റ്റാളില്‍ കിട്ടും.

കടമക്കുടി കെ.വി.കെ. മത്സ്യകൃഷി കര്‍മസേനയുടെ പിടയ്ക്കണ മീനുകളുടെ ശേഖരമാണ് മേളയുടെ മറ്റൊരു പ്രത്യേകത. കൂടുമത്സ്യ കൃഷിയിലൂടെ വിളവെടുത്ത കാളാഞ്ചി, ചെമ്പല്ലി, വറ്റ, തിലാപിയ എന്നീ ജീവനുള്ള മീനുകളില്‍ നിന്ന് ഇഷ്ടമുള്ളവ വാങ്ങിക്കാനുള്ള അവസരവും മേളയില്‍ ഒരുക്കിയിരുന്നു. തിരഞ്ഞെടുത്ത മീനിനെ വെട്ടി, വൃത്തിയായി പാക്ക് ചെയ്താണ് കൊടുക്കുന്നത്. സ്റ്റാളിന് സമീപമായി തന്നെ പലപ്രായത്തിലുള്ള മത്സ്യത്തീറ്റകളും വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്.

സ്ഥലം ലാഭിച്ച് പച്ചക്കറി കൃഷിയും മത്സ്യകൃഷിയും ഒരുമിച്ച് ചെയ്യാനുള്ള 'റീ സര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റ'ത്തെ കുറിച്ച് അറിയാനും പഠിക്കാനുമുള്ള അവസരവും മേളയിലുണ്ട്.

അരി, പുട്ടുപൊടി, അവലോസ് പൊടി, അവലോസ് ഉണ്ട, ചെമ്മീന്‍, ഞണ്ട് എന്നീ പൊക്കാളി വിഭവങ്ങളുടെ സ്റ്റാളില്‍ പ്രത്യേക ഓഫറുകളാണ് നല്‍കുന്നത്.