കൊച്ചി: പുര കത്തുമ്പോള്‍ത്തന്നെ വാഴവെട്ട്. വൃത്തിപരിശോധനയ്ക്ക് കേന്ദ്രസംഘം എത്തുന്നതിനാല്‍ കൊച്ചിയിലെ പൊതു ശൗചാലയങ്ങളെല്ലാം വൃത്തിയാക്കിയിടാനുള്ള ഓട്ടത്തിലാണ് നഗര ഭരണക്കാര്‍. പണി വേഗത്തിലായപ്പോള്‍, അതിന്റെ മറവില്‍ പകല്‍ക്കൊള്ള. പുതുതായി ഇട്ട ടൈലിനു മുകളില്‍ വീണ്ടും ടൈല്‍ ഇടാനായിരുന്നു നീക്കം. ചമ്പക്കര മാര്‍ക്കറ്റിലാണ് ടൈലിനു മുകളില്‍ ടൈല്‍ വിരിച്ചുകൊണ്ടിരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കൈയോടെ പിടികൂടിയത്.

നോക്കാന്‍ ആളില്ലെന്നു കണ്ടപ്പോള്‍ നല്ല ടൈലിനു മുകളില്‍ വീണ്ടും ടൈല്‍ വിരിക്കുകയായിരുന്നു. ചമ്പക്കര മാര്‍ക്കറ്റിലെ ശൗചാലയത്തിനു പുറത്താണ് കുഴപ്പങ്ങളൊന്നുമില്ലാതെ കിടന്നിരുന്ന ടൈലിനു മുകളില്‍ വീണ്ടും ടൈല്‍ വിരിക്കാന്‍ തുടങ്ങിയത്.

പഴയ ടൈലിനു മുകളിലെ അഴുക്ക്, വെള്ളമൊഴിച്ച് കഴുകിയപ്പോള്‍ അത് പുതിയതിനെക്കാള്‍ തിളങ്ങുന്നതായി. ചില ഭാഗത്ത് പഴയ ടൈലിനു മുകളില്‍ പുതിയ ടൈല്‍ ഇട്ടു കഴിഞ്ഞിട്ടുമുണ്ട്. തൊഴിലാളികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് പണി നിര്‍ത്തുകയായിരുന്നു.

കേന്ദ്രസംഘം പരിശോധിക്കാന്‍ വരുന്നതിന്റെ ഭാഗമായി നഗരത്തില്‍ വൃത്തിഹീനമായി കിടക്കുന്ന ശൗചാലയങ്ങള്‍ വൃത്തിയാക്കി പ്രവര്‍ത്തിപ്പിക്കുന്നതിനാണ് കരാര്‍ നല്‍കിയിരുന്നതെന്നും ടൈല്‍ മാറ്റിയിടാനൊന്നും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മിനിമോള്‍ വി.കെ. പറഞ്ഞു. ശൗചാലയങ്ങളില്‍ വെള്ളമില്ലാത്തതിനാല്‍ പൈപ്പുകള്‍ പൊട്ടിക്കിടക്കുന്നത് നന്നാക്കാനാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.