കോതമംഗലം: കേരളത്തില്‍ ചുമട്ടു തൊഴിലാളികളുടെ അന്ത്യംകുറിക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ ഇടതുമുന്നണി നിശ്ശബ്ദത പാലിച്ചെന്ന് ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ ആരോപിച്ചു. ബി.എം.എസ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെക്രട്ടറി കെ.വി. മധുകുമാര്‍ നയിക്കുന്ന വിളംബര ജാഥയുടെ കോതമംഗലത്ത് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകളെ അനുകൂലിക്കുന്ന നിലപാടാണ് സി.ഐ.ടി.യു. വിന്റേത്. കേരളത്തിലെ തൊഴിലാളി സമൂഹം ഇതു തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.എ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.വി. മധുകുമാര്‍, സി.എസ്. അനില്‍, ടി.എന്‍. സന്തോഷ്, കെ.കെ. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.