ചെറായി: 'ചെറുമത്സ്യങ്ങള്‍ പിടിക്കരുത്' എന്ന നിയമം കേരളത്തില്‍ മാത്രം നടപ്പാക്കുന്നതിനെതിരെ മത്സ്യമേഖല രംഗത്ത്. ചൊവ്വാഴ്ച മുനമ്പം മിനി ഹാര്‍ബറില്‍ മത്സ്യ മേഖലയിലുള്ള മുഴുവന്‍ ആളുകളേയും സംഘടിപ്പിച്ചുകൊണ്ട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. രാവിലെ 11ന് തരകന്‍സ് ഹാളില്‍ ചേരുന്ന കണ്‍വെന്‍ഷന്‍ എസ്. ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
തമിഴ്‌നാട്ടിലെ മുട്ടം ഹാര്‍ബറിലേക്ക് ബോട്ടുകളെ എത്തിക്കുന്നതിനായി കൊച്ചി, മുനമ്പം തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തിക്കുന്നതായും ബോട്ടുടമാ സംഘം കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.
മുട്ടം സ്വകാര്യ ഹാര്‍ബര്‍ ഉടമയുടെ ഏജന്റുമാരും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും കൊച്ചിയിലെ ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ലോബി പ്രവര്‍ത്തിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.
കൊച്ചി, മുനമ്പം തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ഫിഷിങ് ബോട്ടുകളെ തേടിപ്പിടിച്ച് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുകയാണ്.
ലൈസന്‍സ് വിഷയങ്ങള്‍ ഉന്നയിച്ചും പൊടിമത്സ്യം പിടിക്കുന്നുവെന്നാരോപിച്ചും ബോട്ടുകള്‍ പിടികൂടുകയും മത്സ്യങ്ങള്‍ കണ്ടുകെട്ടി തോന്നിയ വിലയ്ക്ക് വില്‍ക്കുകയുമാണ്. ഇതിനു പുറമേ ബോട്ടുടമയെക്കൊണ്ട് വന്‍ തുക പിഴയടപ്പിക്കുന്നുമുണ്ട്.
കൊല്ലം, ആലപ്പുഴ മേഖലയില്‍ ഇത്രയ്ക്ക് പ്രശ്‌നമില്ലെന്ന് ബോട്ടുടമകളും തൊഴിലാളികളും പറയുന്നു.
കടലില്‍ വല വലിക്കുമ്പോള്‍ വലിയ മത്സ്യങ്ങള്‍ക്കൊപ്പം ലഭിക്കുന്ന ചെറുമീനുകള്‍ ഇപ്പോള്‍ തിരികെ കടലില്‍ കളയാറില്ല. ഇതുകൂടി വിറ്റ് കിട്ടുന്ന പണംകൂടി ചേര്‍ത്താലും ഓരോ തവണയും കടലില്‍ പോകുന്നത് കടത്തിലാണ് കലാശിക്കുന്നത്.
ബോട്ടുകളുടെ ലൈസന്‍സ് വിഷയത്തില്‍ ഈ മാസം 31 വരെ സാവകാശം നല്‍കണമെന്ന, വകുപ്പ് മന്ത്രിയുടെ നിര്‍ദേശവും ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കുന്നില്ലെന്ന് ബോട്ടുടമാ സംഘം പറയുന്നു. ഇതുമൂലം ബോട്ടുകള്‍ മുട്ടം ഹാര്‍ബറിലേക്ക് പോയി കഴിഞ്ഞതായി ബോട്ടുടമാ സംഘം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി. പി. ഗിരീഷ് ചൂണ്ടിക്കാട്ടി. ഇനിയും ഇത് തുടര്‍ന്നാല്‍ മുനമ്പം, മുരുക്കുംപാടം, തോപ്പുംപടി തുടങ്ങിയ ഹാര്‍ബറുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

ചെറായി:
ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയുന്നതില്‍ ബോട്ടുടമകള്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ഫിഷറീസ്-മറൈന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം 'ചെറുമത്സ്യങ്ങള്‍ പിടിക്കാന്‍ പാടില്ല' എന്ന സര്‍ക്കാര്‍ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. ചെറുമത്സ്യങ്ങള്‍ അനിയന്ത്രിതമായി പിടികൂടിയാല്‍ താമസിയാതെ സംസ്ഥാനത്തെ ബോട്ടുകള്‍ മാത്രമല്ല, മുഴുവന്‍ മത്സ്യബന്ധന യാനങ്ങളും മറുനാടുകളിലേക്ക് കെട്ടുകെട്ടേണ്ട സാഹചര്യം വരും. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.
ബോട്ടുടമകള്‍ പറയുന്നതുപോലെ പൊടിമത്സ്യത്തിന്റെ കാര്യത്തില്‍ പരിശോധന പാടില്ലെന്ന് സര്‍ക്കാറില്‍ നിന്ന് രേഖാമൂലമുള്ള ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പലകുറി മുന്നറിയിപ്പുകള്‍ നല്‍കിയതിനു ശേഷമാണ് മുനമ്പം-മുരുക്കുംപാടം മേഖലകളില്‍ മിന്നല്‍ പരിശോധനകള്‍ നടക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ ആറ് ബോട്ടുകളാണ് പിടികൂടിയത്. ഇതില്‍ ലക്ഷക്കണക്കിന് പൊടിമീനുകളാണ് ഉണ്ടായിരുന്നത്. ഇവയിലെ മീനുകള്‍ കണ്ടുകെട്ടി ലേലം ചെയ്ത് തുക സര്‍ക്കാറിലേക്ക് അടപ്പിക്കുകയും 25,000 രൂപ മുതല്‍ മുകളിലേക്കുള്ള തുക പിഴയായി ഈടാക്കുകയും ചെയ്തു, ഇപ്പോഴും മിന്നല്‍ പരിശോധന തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.