ചെറായി: കരാറുകാരന്‍ ചെമ്മീന്‍കെട്ടില്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് ചത്തുപൊന്തിയ മത്സ്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം പരന്നു. കെട്ടിന്റെ പരിസരത്തുള്ളവര്‍ക്ക് മൂക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതിയാണ്.
എടവനക്കാട് ചാത്തങ്ങാട് മുതല്‍ പഴങ്ങാട് വരെ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന 200 ഏക്കര്‍ വിസ്തീര്‍ണമുള്ള, ജില്ലയിലെ ഏറ്റവും വലിയ ചെമ്മീന്‍ കെട്ടുകളിലൊന്നായ 'കണ്ണുപിള്ളക്കാപ്പി'ലാണ് സംഭവം.
മറ്റു മത്സ്യങ്ങളെ ഒഴിവാക്കി, ചെമ്മീന്‍ കുഞ്ഞുങ്ങളെ മാത്രം നിക്ഷേപിച്ച് വളര്‍ത്തുന്നതിനു മുന്നോടിയായാണ് കെട്ടില്‍ വിഷം കലര്‍ത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇതോടെ കരിമീന്‍, കൂരി, കണമ്പ്, തോടി, കൊഴുവ, നന്ദന്‍, തിലോപ്പിയ, പൂമീന്‍ തുടങ്ങിയ ഒട്ടേറെ ഇനം മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.
കെട്ടിന്റെ ഓരങ്ങളിലും കെട്ടിനോടു ചേര്‍ന്ന് വാച്ചാക്കല്‍, പഴങ്ങാട് പടിഞ്ഞാറുഭാഗങ്ങളിലുള്ള കൈത്തോടുകളിലും മത്സ്യങ്ങള്‍ ചത്തടിഞ്ഞ് ചീഞ്ഞുനാറുകയാണ്. വരും ദിവസങ്ങളില്‍ ഇവ ചീഞ്ഞ്, ജീര്‍ണിച്ച് ദുര്‍ഗന്ധം അസഹനീയമാകും. പരിസരവാസികള്‍ ഇപ്പോള്‍ത്തന്നെ മൂക്ക് പൊത്തിയാണ് നടപ്പ്. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ട്.
ഇതിനിടെ ഈ വിഷമത്സ്യങ്ങളെ കാക്കകള്‍ കൊത്തിയെടുത്ത് കുടിവെള്ള ടാങ്കുകളിലും മറ്റു ജലശ്രോതസ്സുകളിലും കൊണ്ടുവന്നിടുന്നത് മറ്റൊരു ഭീഷണിയായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യവകുപ്പും ഇടപെട്ട് ചത്തുപൊങ്ങി ചീഞ്ഞ മത്സ്യങ്ങള്‍ കെട്ടില്‍നിന്നും ഇടത്തോടുകളില്‍ നിന്നും വാരിമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.