ചെറായി: മുനമ്പം അഴിമുഖത്തെ ചീനവലയില്‍ അപൂര്‍വ മത്സ്യം കുടുങ്ങി. രണ്ടുതൈക്കല്‍ ചവരോ എന്നയാളുടെ ചീനവലയിലാണ് അപൂര്‍വ മത്സ്യം കുടുങ്ങിയത്.
എട്ടിഞ്ചോളം നീളം വരുന്ന മത്സ്യത്തിന് ഏതാണ്ട് ഒരു കിലോയ്ക്കടുത്ത് തൂക്കം കാണും. ചെറിയ പരുന്തിന്റെ രൂപമാണ്. കണ്ണുകള്‍ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് പോലെ പുറത്തേക്ക് ഉന്തി നില്‍ക്കുന്നുണ്ട്. വശങ്ങളിലായി രണ്ട് വലിയ ചിറകും താഴെ മറ്റ് രണ്ട് ചെറിയ ചിറകുകളുമുണ്ട്. മുതുകില്‍ മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കണക്കെ നിരനിരയായി പത്തോളം മുള്ളുകളും കാണാം.
വാല്‍ മൂന്നായി പിരിഞ്ഞ അവസ്ഥയിലാണ്. കാപ്പിക്കളറും ചന്ദനക്കളറും കൊണ്ട് സീബ്രാ ലൈനുകള്‍ പോലെ വരച്ച രീതിയിലാണ് ശരീരം. അപൂര്‍വ മത്സ്യങ്ങള്‍ ലഭിക്കുമ്പോള്‍ ചവരോ എന്നും ചെയ്യാറുള്ളതുപോലെ പരുന്തു മത്സ്യത്തിനെ വലിയ കുപ്പിയിലാക്കി ജീവനോടെ സുക്ഷിച്ചിരിക്കുകയാണ്.