ചെറായി: കടലില്‍ വീണ്ടും ചട്ടം ലംഘിച്ചുള്ള അശാസ്ത്രീയമായ മത്സ്യബന്ധനം നടക്കുന്നതായി പരമ്പരാഗത ബോട്ടുടമകള്‍. ഫിഷറീസ് വകുപ്പ് ഇതിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
ഈ സീസണ്‍ തുടക്കത്തില്‍ തന്നെ ബോട്ടുകള്‍ 'പെലാജിക് വലകള്‍' ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതുമൂലം ടണ്‍ കണക്കിന് ചെറു മത്സ്യങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി കടലില്‍ നിന്ന് ഹാര്‍ബറുകളിലെത്തിയത്.
മാത്രമല്ല, നല്ല വില ലഭിക്കുന്ന കണവയെ ലക്ഷ്യം വെച്ച് രണ്ട് ബോട്ടുകള്‍ ചേര്‍ന്ന് പെലാജിക് വല മണിക്കൂറുകളോളം വലിക്കുന്നതിനാല്‍ വലയില്‍ പെടുന്ന നെയ്മീന്‍ ഉള്‍പ്പെടെയുള്ള നല്ല മത്സ്യങ്ങള്‍ കരയിലെത്തുമ്പോഴേക്കും തൊലിയെല്ലാം ഉരിഞ്ഞ് ഉടഞ്ഞ് നാശമാകുന്ന സാഹചര്യവും ഉണ്ട്. ഇത് വാങ്ങാന്‍ ആളില്ലാത്തതിനാല്‍ മത്സ്യത്തിന്റെ വില ഇടിഞ്ഞിരിക്കുകയാണ്.
ചെറു മത്സ്യങ്ങളെ പിടികൂടുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഹാര്‍ബറുകളില്‍ മിന്നല്‍ പരിശോധന നടത്തി, ബോട്ടുകളെ പിടികൂടി പിഴയടപ്പിച്ചിരുന്നു. ഇക്കുറി പരിശോധനയൊന്നും നടക്കുന്നില്ല. ഇതാണ് അശാസ്ത്രീയ മത്സ്യബന്ധനം വീണ്ടും തലപൊക്കിയതിന് കാരണമെന്ന് കേരള ഫിഷിങ് ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വേലായുധന്‍ ആരോപിച്ചു. സംഘടനയില്‍ പെടാത്ത ബോട്ടുകളാണ് ഈ അശാസ്ത്രീയ മത്സ്യബന്ധനത്തിന് പിന്നിലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ബോട്ടുകളെപ്പോലെ മത്സ്യബന്ധന വള്ളങ്ങളും ഇപ്പോള്‍ ചെറുമീന്‍ വേട്ട നടത്തുന്നുണ്ടെന്ന് ഒരുവിഭാഗം മത്സ്യത്തൊഴിലാളികളും ആരോപിക്കുന്നു.