ചെറായി: ചട്ടം ലംഘിച്ച് കടലില്‍ നിന്ന് ചെറുമത്സ്യങ്ങളെ പിടികൂടുന്ന അശാസ്ത്രീയമായ മത്സ്യബന്ധനം വ്യാപകം.
കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി മത്സ്യബന്ധന വള്ളങ്ങള്‍ തീരെ കണ്ണുതുറക്കാത്ത പൊടിച്ചാളയും അയലയുമായാണ് കടലില്‍ നിന്നെത്തുന്നത്. കേവലം ഒരു മാസത്തിനുള്ളില്‍ നല്ലപോലെ വലുതാകുന്ന ചാളയും അയലയുമാണ് വള്ളക്കാര്‍ വളരെ നേരത്തെ തന്നെ വലയെറിഞ്ഞ് പിടികൂടി കരയിലെത്തിക്കുന്നത്.
ഇതാകട്ടെ ആഭ്യന്തര മാര്‍ക്കറ്റില്‍ വളരെ കുറച്ചുമാത്രമേ വിറ്റഴിയുന്നുള്ളു. ബാക്കിയെല്ലാം മീന്‍ തീറ്റയ്ക്കും വളമുണ്ടാക്കാനുമായി കയറ്റിപ്പോകുകയാണ്. ഇതേപോലെ ബോട്ടുകളും ആശാസ്യമല്ലാത്ത മത്സ്യബന്ധനം നടത്തുന്നുണ്ടെന്നാണ് ആക്ഷേപം .
നിരോധിച്ച പെലാജിക് വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഹാര്‍ബറിലെത്തുന്ന ബോട്ടുകളില്‍ ചെറുമത്സ്യങ്ങള്‍ ധാരാളം കാണുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേപോലെ ചെറുമത്സ്യങ്ങളെ പിടികൂടുന്നതിനെതിരെ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഹാര്‍ബറുകളില്‍ കര്‍ശന പരിശോധന നടത്തി ബോട്ടുകളെ പിടികൂടി പിഴയടപ്പിച്ചിരുന്നു.
ഇക്കുറിയാകട്ടെ പരിശോധന സജീവമല്ലാത്തതിനാലാണ് പെലാജിക് വലകള്‍ വീണ്ടും ഉപയോഗിച്ചു തുടങ്ങിയിട്ടുള്ളതെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.