ചെല്ലാനം: ചെല്ലാനത്ത് നിന്ന് മീന്‍ പിടിക്കാനിറങ്ങിയ വള്ളങ്ങള്‍ക്ക് വല നിറയെ കൊഴുവ. നൂറിലേറെ വള്ളങ്ങളാണ് ചെല്ലാനം ഹാര്‍ബറില്‍ കൊഴുവയുമായെത്തിയത്. തീരത്തിന് തൊട്ടടുത്തായാണ് കൊഴുവ വന്‍തോതില്‍ കണ്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. രാവിലെ ഹാര്‍ബറിലെത്തിയ വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ വില കിട്ടി. 40 കിലോ തൂക്കം വരുന്ന ഒരു കുട്ട കൊഴുവയ്ക്ക് രാവിലെ 3000 രൂപ വരെയായിരുന്നു വില. എന്നാല്‍ കൊഴുവയുമായി കൂടുതല്‍ വള്ളങ്ങള്‍ എത്തിയതോടെ വില കുത്തനെ ഇടിഞ്ഞു. വൈകീട്ട് കുട്ടയ്ക്ക് 800 രൂപയായി വില താഴ്ന്നു.

സന്ധ്യയായപ്പോള്‍ കിട്ടിയ വിലയ്ക്ക് തൊഴിലാളികള്‍ കൊഴുവ വിറ്റു. ഗതാഗത തടസ്സമുള്ളതിനാല്‍ ഹാര്‍ബറിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാതിരുന്നതും വിലത്തകര്‍ച്ചയ്ക്ക് കാരണമായതായി തൊഴിലാളികള്‍ പറഞ്ഞു. അതേസമയം ചെല്ലാനത്ത് വന്‍തോതില്‍ കൊഴുവ എത്തിയിട്ടും കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.

കൂടുതല്‍ ചരക്ക് ലഭിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് പരാതി. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. നാട്ടുകാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മീന്‍ ലഭിക്കുന്നുമില്ല. കഴിഞ്ഞ കുറച്ചു ദിവസമായി കൊച്ചി തീരക്കടലില്‍ കൊഴുവ ധാരാളമായി ലഭിക്കുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് ചാളയും, ചെമ്മീനും, കൊഴുവയും ധാരാളമായി ലഭിക്കാറുണ്ട്. എന്നാല്‍ ഇക്കുറി ആദ്യദിവസങ്ങളില്‍ മാത്രമാണ് ചാള ധാരാളമായി ലഭിച്ചത്.