ചെല്ലാനം: നീണ്ട ഇടവേളയ്ക്ക് ശേഷം ചെല്ലാനത്ത് പൂവാലന്‍ ചെമ്മീന്‍ ചാകര. കഴിഞ്ഞ രണ്ട് ദിവസമായി ചെല്ലാനത്ത് കടലിലിറങ്ങിയ എല്ലാ വള്ളങ്ങള്‍ക്കും വന്‍തോതില്‍ ചെമ്മീന്‍ ലഭിക്കുന്നുണ്ട്. 50,000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഓരോ വള്ളങ്ങള്‍ക്കും ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
ചെമ്മീന്‍ കൂടുതലായെത്തിയതോടെ വില കുത്തനെ താഴ്ന്നു. കിലോഗ്രാമിന് 150 മുതല്‍ 160 രൂപ വരെ വിലയ്ക്കാണ് ചെമ്മീന്‍ വിറ്റുപോയത്. കഴിഞ്ഞ ദിവസങ്ങളില്‍ നത്തോലിയും ധാരാളമായി ലഭിച്ചു. പൂവാലന്‍ എത്തിയതോടെ കച്ചവടക്കാരുടെ തിരക്കാണ് ചെല്ലാനം ഫിഷറീസ് ഹാര്‍ബറില്‍.