ഗവേഷണ പ്രബന്ധങ്ങള്‍ ഓണ്‍ലൈനില്‍

ഗവേഷണ രംഗം കൂടുതല്‍ ഫലപ്രദമാകുംകൊച്ചി:
ഇന്ത്യയിലെ കാര്‍ഷിക ഗവേഷണ രംഗത്ത് ഐ.സി.ടി. (വിവര വിനിമയ സാങ്കേതികവിദ്യ) പ്രോത്സാഹിപ്പിക്കണമെന്ന് ശില്പശാല. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആര്‍.) ഓണ്‍ലൈന്‍ ലൈബ്രറി സംവിധാനത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) നടത്തിയ ശില്പശാലയിലാണ് നിര്‍ദേശം.

ഐ.സി.എ.ആറിന് കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളും കാര്‍ഷിക സര്‍വകലാശാലകളും പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന സംവിധാനമാണ് 'സെറ'. ഇത്തരം ഓണ്‍ലൈന്‍ ഗവേഷണ ലൈബ്രറികള്‍ ഉപയോഗപ്പെടുത്താന്‍ പുതുതലമുറയിലെ ഗവേഷകര്‍ തയ്യാറാകണം. വിവരങ്ങളുടെ കൈമാറ്റം വേഗത്തിലാകുന്നതോടെ ഗവേഷണ രംഗം കൂടുതല്‍ ഫലപ്രദമാകും. കാര്‍ഷിക പഠനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഏറ്റവും പുതിയ വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു. .

ഐ.സി.എ.ആറിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് നോളജ് മാനേജ്‌മെന്റ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിങ് ശില്പശാല ഉദ്ഘാടനം ചെയ്തു. എസ്.കെ. ജോഷി, സി.എം.എഫ്.ആര്‍.ഐ. ക്രസ്റ്റേഷ്യന്‍ ഡിവിഷന്‍ മേധാവി ഡോ. ജി. മഹേശ്വരുഡു, സി.എം.എഫ്.ആര്‍.ഐ. ലൈബ്രറി സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് ഡോ. കെ.എസ്. ശോഭന, ലൈബ്രറി ഓഫീസ് ഇന്‍ ചാര്‍ജ് പി. ഗീത എന്നിവര്‍ സംസാരിച്ചു.