വപ്പിന്‍: നിരോധിക്കപ്പെട്ട പെലാജിക് വലയുപയോഗിച്ച് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ഫിഷറീസ് വകുപ്പ് നടപടികള്‍ കര്‍ശനമാക്കി.

പട്രോളിങ്ങിനിടയില്‍ രണ്ട് ബോട്ടുകള്‍ പിടികൂടി. സെയ്ന്റ് സെബാസ്റ്റിന്‍, മേരി പ്രിയ 2 എന്നീ ബോട്ടുകളാണ് പിടികൂടിയത്. പള്ളിപ്പുറം സ്വദേശികളുടേതാണ് രണ്ട് ബോട്ടുകളും. ഒ.പി. ജോര്‍ജിന്റെ സെയ്ന്റ് സെബാസ്റ്റിന്‍ ബോട്ടില്‍ നിന്ന് 700 മീറ്റര്‍ നീളമുള്ള പെലാജിക് വലയും പിടിച്ചെടുത്തു.

ലൂയിസിന്റെ മേരി പ്രിയ ബോട്ടിന് ലൈസന്‍സ് ഇല്ലായിരുന്നു.

രണ്ട് ബോട്ടുകളിലെ മത്സ്യവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 'മാതൃഭൂമി' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്. തീരക്കടലിനു പുറത്ത് കിലോമീറ്റര്‍ നീളമുള്ള വല രണ്ടോ മൂന്നോ ബോട്ടുകള്‍ ചേര്‍ന്ന് വലിക്കുന്നതായാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതി. വലയില്‍ കയറുന്ന മത്സ്യത്തില്‍ നിന്ന് വിലകൂടിയതും വിപണിയില്‍ ആവശ്യക്കാരേറെയുള്ളതുമായ മത്സ്യം മാത്രം ഹാര്‍ബറിലെത്തിക്കുകയുമാണ് പതിവ്.

ശേഷിക്കുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം അടക്കം കടലില്‍ തന്നെ ഉപേക്ഷിച്ചു മടങ്ങുകയാണ് ചെയ്യുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതി ഫിഷറീസ് വകുപ്പും ശരിവയ്ക്കുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ഫിഷറീസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും പരിശോധന ശക്തമായതിനാലാണ് ചെറുമത്സ്യങ്ങളെ കടലിലുപേക്ഷിക്കുന്നത്. മുനമ്പം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകളാണ് പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ഐ. രാജീവ് പറഞ്ഞു. ഈ രീതി ചെറുതും പ്രായപൂര്‍ത്തിയാകാത്തതുമായ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കുന്നുണ്ട്. അവ ഹാര്‍ബറിലേക്കെത്താത്തതിനാല്‍ നടപടിയെടുക്കാനും കഴിയാത്ത നിലയാണുള്ളത്. പെലാജിക് വല ഹാര്‍ബറിലേക്കെത്തുന്നതിനു മുമ്പുതന്നെ പല ഭാഗങ്ങളാക്കി കടലില്‍ വച്ച് തന്നെ തെളിവ് നശിപ്പിക്കുന്ന രീതിയുമുണ്ട്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പിഴ ചുമത്തുകയും ചെയ്തു. പെലാജിക് വലയുപോഗിച്ച ബോട്ടിന് 1,44,000 രൂപയും ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടിന് 25,000 രൂപയും പിഴ ചുമത്തി. രണ്ട് ബോട്ടുകളിലുമുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് ലഭിച്ച 60000 രൂപ സര്‍ക്കാരിലേക്കടച്ചു. കണ്ടുകെട്ടിയ വല ഫിഷറീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വൈപ്പിന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജീവ് എസ്.ഐ., മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ. ഷിബുകുമാര്‍, ഫിഷറീസ് ഉദ്യോഗസ്ഥരായ റൊണാള്‍ഡ് ഡബ്ല്യു., നിപ്റ്റിന്‍, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്.

കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ലൈസന്‍സ് പുതുക്കാത്ത ബോട്ടുകള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുമെന്ന് വൈപ്പിന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജീവ് എസ്.ഐ. പറഞ്ഞു.