ച്ചി: എളംകുളം വിഷ്ണു ക്ഷേത്രത്തിന്റെ കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഞായറാഴ്ച വെളുപ്പിനെയാണ് മീനുകള്‍ ചത്തുപൊങ്ങിയ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. പിലോപ്പിയ ഇനത്തില്‍പ്പെടുന്ന മീനുകളാണ് ചത്തുപൊങ്ങിയതില്‍ കൂടുതല്‍.

ഇത്രയും മീനുകള്‍ ചത്തുപൊങ്ങിയതിന്റെ കാരണം വ്യക്തമല്ല. രണ്ടു വര്‍ഷം മുമ്പും സമാന സംഭവം നടന്നിട്ടുണ്ടെന്നാണ് ക്ഷേത്രക്ഷേമ സമിതി ഭാരവാഹികള്‍ പറയുന്നത്.

ശനിയാഴ്ച വൈകീട്ട് വരെ കുളത്തില്‍ തെളിഞ്ഞ വെള്ളമായിരുന്നു. എന്നാല്‍ നിലവില്‍ വെള്ളം കലങ്ങിയ നിലയിലാണ്. കടവന്ത്ര പോലീസ് സ്ഥലത്തെത്തി. കൊച്ചി കോര്‍പ്പറേഷനില്‍ വിവരം അറിയിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച വെള്ളം ശേഖരിച്ച് പരിശോധന നടത്തും. ഇതിനു ശേഷമേ മീനുകള്‍ ചത്തുപൊങ്ങിയതിനെക്കുറിച്ച് വ്യക്തമായ വിവരം അറിയാനാകൂ.

സമീപവാസികള്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാറുണ്ട്. ഇവര്‍ക്ക് ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ചത്ത മീനുകളെ മാറ്റി വെള്ളം ശുദ്ധിയാക്കും വരെ കുളം ആരും ഉപയോഗിക്കരുതെന്ന് ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം.