കൂട് മത്സ്യകൃഷി

വരാപ്പുഴ:
കൂട് മത്സ്യകൃഷിയില്‍ മികച്ച വിജയവുമായി സ്ത്രീ കൂട്ടായ്മകള്‍. കടമക്കുടി പഞ്ചായത്തിലെ പിഴലയില്‍ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടത്തിയ കൂട് മത്സ്യകൃഷിയുടെ ക്രിസ്മസ് വിളവെടുപ്പില്‍ ലഭിച്ചത് ടണ്‍ കണക്കിന് മത്സ്യം. സി.എം.എഫ്.ആര്‍.ഐ.യുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച മത്സ്യകൃഷിയില്‍, പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും സക്രിയമാണ്. പെരിയാറിന്റെ കൈവഴികളിലായി അറുപതോളം കൂടുകളിലാണ് ഇപ്പോള്‍ മത്സ്യകൃഷി നടക്കുന്നത്.
കാളാഞ്ചി, കരിമീന്‍, തിലോപ്പി തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും കൂടുകളില്‍ കൃഷി ചെയ്തിട്ടുള്ളത്. വിളവെടുത്ത കാളാഞ്ചി മത്സ്യത്തിന്റെ ശരാശരി തൂക്കം മൂന്നര കിലോയാണ്. രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഓരോ കൂടുകളിലും നിക്ഷേപിച്ചത്. എട്ട് മാസത്തെ വളര്‍ച്ചയ്ക്ക് ശേഷം നടത്തിയ വിളവെടുപ്പില്‍ മികച്ച വിളവാണ് ലഭിച്ചിട്ടുള്ളതെന്ന് സംരംഭകരും സി.എം.എഫ്.ആര്‍.ഐ. അധികൃതരും പറഞ്ഞു.
കേരളത്തില്‍ കടല്‍ മത്സ്യങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ പുത്തന്‍ പരീക്ഷണമെന്ന നിലയില്‍ അഞ്ച് വര്‍ഷം മുന്‍പാണ് സി.എം.എഫ്.ആര്‍.ഐ. കൂട് മത്സ്യകൃഷിക്ക് തുടക്കമിട്ടത്.
പിഴലയില്‍ നടന്ന വിളവെടുപ്പ് ഉത്സവം എസ്. ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുതിയതായി നിര്‍മിച്ച കൂടുകളില്‍ കാളാഞ്ചി മത്സ്യക്കുഞ്ഞുകളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനവും ശര്‍മ നിര്‍വഹിച്ചു.