മികച്ച കയറ്റുമതി സാധ്യത തുറന്ന് സി.എം.എഫ്.ആര്‍.ഐ.


കൊച്ചി: രാജ്യത്ത് സമുദ്രകൃഷിയില്‍ മുന്നേറ്റത്തിന് വഴിതെളിച്ച് കടല്‍ മത്സ്യമായ കലവയുടെ (കടല്‍ കറൂപ്പ്) വിത്തുത്പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) വിജയകരമായി പൂര്‍ത്തിയാക്കി. ഉയര്‍ന്ന വിപണന മൂല്യമുള്ള മത്സ്യമാണ് കലവ. ഇന്ത്യയില്‍ ആദ്യമായാണ്, ഗള്‍ഫ് നാടുകളില്‍ ആമൂര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന കലവയുടെ വിത്തുത്പാദനം വന്‍തോതില്‍ വിജയകരമായി നടത്തുന്നത്.
കടല്‍ കൂടുകൃഷിയിലൂടെ കലവയുടെ ഉത്പാദനം വര്‍ധിപ്പിച്ച് കയറ്റുമതി നടത്താന്‍ രാജ്യത്തെ മത്സ്യ കര്‍ഷകര്‍ക്ക് മികച്ച അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. സി.എം.എഫ്.ആര്‍.ഐ.യുടെ വിശാഖപട്ടണം റീജണല്‍ സെന്ററില്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ. ശുഭദീപ് ഘോഷിന്റെ നേതൃത്വത്തിലാണ് വിത്തുത്പാദനം നടത്തിയത്.
വിദേശ നാടുകളിലടക്കം ഏറെ ആവശ്യക്കാരുണ്ട് കലവയ്ക്ക്. എന്നാല്‍, ആവശ്യമായ തോതില്‍ കുഞ്ഞുങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യയില്‍ കൃഷി നന്നേ കുറവായിരുന്നു.
സിംഗപ്പുര്‍, മലേഷ്യ, തായ്വാന്‍, ചൈന, ഹോങ്കോംഗ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ വിപണിയില്‍ കലവ എത്തുന്നത്.
ആഗോളതലത്തില്‍ വര്‍ഷം ലക്ഷം ടണ്‍ കലവ മത്സ്യം ഉത്പാദിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്. എ. ഒ.) നിര്‍ദേശമുണ്ട്. ഇനി ഈ മത്സ്യത്തിന്റെ വിത്തുത്പാദനം ഇന്ത്യയിലും വര്‍ധിക്കും.
ഏത് സാഹചര്യത്തിലും വളരാന്‍ കഴിയുന്നതിനാലും സ്വാദുള്ള മാംസമുള്ളതിനാലും ഇവയുടെ കൃഷിക്ക് മികച്ച സാധ്യതയാണുള്ളതെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കടലില്‍ നിന്ന് ലഭിക്കുന്ന കലവ മത്സ്യത്തിന് കിലോയ്ക്ക് 400 മുതല്‍ 450 വരെ ലഭിക്കുമ്പോള്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന കലവ മത്സ്യത്തിന് വിദേശ വിപണിയില്‍ ഇവയുടെ മൂന്നും നാലും മടങ്ങാണ് വില.