കുഫോസിലെ തീരദേശ പരിപാലന പരിശീലനം സമാപിച്ചു


കൊച്ചി:
കേരള തീരങ്ങളിലെ ചാകര പ്രതിഭാസത്തെക്കുറിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നാട്ടറിവുകള്‍ കൂടി സമാഹരിച്ചുള്ള സംയോജിത പഠനം ആവശ്യമാണെന്ന് നിരീക്ഷണം. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നടന്ന തീരദേശ പരിപാലന പരിശീലന പരിപാടിയില്‍ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ.വി. തോമസാണ് ഈ ആശയം ഉന്നയിച്ചത്.
കേരളത്തിന്റെ മിക്ക തീരങ്ങളിലും മത്സ്യ, ചെമ്മീന്‍ ചാകര ധാരാളമായി കണ്ടുവന്നിരുന്നു. കുറച്ചുകാലങ്ങളായി ഇത് കുറഞ്ഞു. നിരവധി സ്ഥാപനങ്ങളും ഏജന്‍സികളും ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നുണ്ട്. ചാകര പ്രതിഭാസവുമായി ബന്ധപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ പ്രചാരത്തിലുള്ള അമൂല്യമായ നാട്ടറിവുകള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ ഇത്തരം പഠനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും. നാട്ടറിവുകളും ശാസ്ത്ര കണ്ടെത്തലുകളും സംയോജിതമാക്കിയുള്ള പഠനങ്ങളാണ് ഈ മേഖലയില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഏരിയ ഡവലപ്‌മെന്റിന്റെ സാങ്കേതിക സഹകരണത്തോടെ കുഫോസും നാണ്‍സണ്‍ എന്‍വയണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍ ഇന്ത്യയും (നെര്‍സി) സംയുക്തമായാണ് അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലനം സമാപിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയും കുഫോസ് വൈസ് ചാന്‍സലര്‍ ചുമതലയുമുള്ള പി. മാരപാണ്ഡ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഏരിയ ഡവലപ്‌മെന്റ് പരിശീലന വിഭാഗം മേധാവി ഡോ. ട്യൂണി ഉഷ, ഡോ. എസ്.കെ. ധാഷ്, ഡോ. എസ്. സുരേഷ് കുമാര്‍, ഡോ. കെ. അജിത് ജോസഫ് എന്നിവര്‍ സംസാരിച്ചു.