കൊച്ചി: വീടിന്റെ ടെറസുകളില്‍ ശുദ്ധമായ പച്ചക്കറി കൃഷി ചെയ്‌തെടുക്കുന്നതു പോലെ ഇനി മത്സ്യവും കൃഷിചെയ്യാം. സംസ്ഥാന വനിതാ വികസന ബോര്‍ഡാണ് സ്ത്രീകള്‍ക്കായി മത്സ്യകൃഷിക്ക് പുതിയ പദ്ധതി ഒരുക്കുന്നത്. ഇതുവഴി വീടിനു മുകളില്‍ ചെറിയ സ്ഥലത്ത് മത്സ്യങ്ങള്‍ കൃഷി ചെയ്ത് നേട്ടം കൊയ്യാന്‍ സ്ത്രീകള്‍ക്കാകും.

നൂറു മുതല്‍ നൂറ്റിയന്‍പതു വരെ ചതുരശ്ര അടി സ്ഥലമാണ് പദ്ധതിക്ക് ആവശ്യം. ഹൈ ഡെന്‍സിറ്റി പ്ലാസ്റ്റിക് ടാങ്കുകള്‍ കൊണ്ടുള്ള, മൂവായിരം ലിറ്റര്‍ അക്വാേപാണിക്‌സ് സിസ്റ്റമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഴ്ചയില്‍ നാലു കിലോ മത്സ്യം ഉത്പാദിപ്പിക്കാന്‍ സാധിക്കും. 52,000 രൂപയാണ് ടാങ്കിനും മത്സ്യക്കുഞ്ഞുങ്ങള്‍ക്കുമായി ചെലവാകുക.

ദീര്‍ഘകാലം കേടാകാതെ നില്‍ക്കുന്ന ഹൈ ഡെന്‍സിറ്റി പ്ലാസ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കുന്നതിനാലാണ് ഇത്രയും ചെലവ് വരുന്നതെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

ജില്ലാ വനിതാ വികസന ബോര്‍ഡില്‍ അപേക്ഷ നല്‍കിയാല്‍ ബോര്‍ഡിന്റെ ഉത്തരവാദിത്വത്തില്‍ ടാങ്ക് ടെറസില്‍ ഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി നല്‍കും. 300 മത്സ്യക്കുഞ്ഞുങ്ങളെയും ആദ്യഘട്ടമെന്ന നിലയില്‍ അപ്പോള്‍ത്തന്നെ നല്‍കും. ഇവ പരിചരിക്കുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വേണ്ടി ബോര്‍ഡിന്റെ തന്നെ നേതൃത്വത്തില്‍ ക്ലാസുകളൊരുക്കുന്നുണ്ട്.

മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും രീതിയിലുള്ള അണുബാധകളോ മറ്റോ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രതിരോധ മരുന്നുകളും ബോര്‍ഡ് നല്‍കും. ഒരു കിലോ മത്സ്യത്തിനുള്ള തീറ്റയ്ക്കും മരുന്നുകള്‍ക്കുമായി മുപ്പതു മുതല്‍ നാല്‍പ്പതു വരെ രൂപയാണ് ആഴ്ചയില്‍ ചെലവ്.

ടാങ്കിനും മത്സ്യക്കുഞ്ഞുങ്ങള്‍ക്കുമായി ഇത്രയധികം രൂപ ചെലവു വരുന്നത് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തുകയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സബ്‌സിഡി അനുവദിച്ചാല്‍ സാധാരണക്കാരായ ഒരുപാട് വനിതകള്‍ക്ക് സ്വയം പണം കണ്ടെത്താനുള്ള മാര്‍ഗമായി പദ്ധതി മാറുമെന്നും മേയര്‍ പറഞ്ഞു.