അങ്കമാലി: ഗുജറാത്തിലെ മര്‍ച്ചന്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച നാഷണല്‍ സോളാര്‍ വെഹിക്കിള്‍ ചലഞ്ചില്‍ എസ്.സിഎം.എസ്. എന്‍ജിനീയറിങ് കോളേജ് രണ്ടാം സ്ഥാനം നേടി. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത 'സേവ്' (എസ്.സി.എം.എസ്. ഇലക്ട്രിക് വെഹിക്കിള്‍) വാഹനത്തിന്റെ നിര്‍മിതിക്കാണ് അംഗീകാരം. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മുച്ചക്ര വാഹനത്തിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് നിര്‍മാണച്ചെലവ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ ദൂരം വേഗം ലഭ്യമാണ്. 48 വി ലെഡ് ആസിഡ് ബാറ്ററികളിലാണ് സൗരോര്‍ജം സ്റ്റോര്‍ ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 45 കോളേജുകള്‍ മാറ്റുരച്ച മത്സരത്തില്‍ 22 എണ്ണം അവസാന റൗണ്ടില്‍ മത്സരിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസര്‍ ഡോ. ഷീജ ജനാര്‍ദനന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗം ഫാക്കല്‍റ്റി അംഗങ്ങള്‍ ആയ ശ്യാം ദിവാകരന്‍, റീനു ബോസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ഈ നേട്ടം കൈവരിച്ചത്.