ആലുവ: പെരിയാര്‍ നീന്തി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാവാന്‍ അഞ്ചര വയസുള്ള നിവേദിത തയ്യാറെടുക്കുന്നു. മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ് പബ്ലിക് സ്‌കൂള്‍ യു.കെ.ജി. വിദ്യാര്‍ഥിനിയായ നിവേദിത ചൊവ്വാഴ്ചയാണ് പുഴയ്ക്ക് കുറുകെ നീന്തുന്നത്.

പെരിയാറിലെ നീന്തല്‍ പരിശീലകനായ സജി വാളശ്ശേരിയുടെ പരിശീലനത്തിലാണ് നിവേദിത നീന്തല്‍ അഭ്യസിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് പരിശീലനം ആരംഭിച്ചത്.
ഒരു മാസത്തെ പരിശീലനത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് അദ്വൈതാശ്രമം കടവില്‍ നിന്നാണ് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ നീന്തല്‍ നടക്കുന്നത്.

ആശ്രമത്തിലെ ജയന്തന്‍ ശാന്തി നീന്തല്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. പെരിയാറിലടക്കം മുങ്ങിമരണങ്ങള്‍ നിത്യസംഭവമായി മാറിയപ്പോഴാണ് സജി വാളശ്ശേരി കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത്. സൗജന്യമായാണ് പരിശീലനം നല്‍കുന്നത്.