ആലുവ: മത്സ്യകൃഷിക്കൊപ്പം മറ്റ് കൃഷികള്‍ കൂടി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തോട്ടക്കാട്ടുകരയില്‍ പെരിയാര്‍ അക്വാ പ്രൊജക്ട്‌സിന്റെ കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സംസ്ഥാന മത്സ്യ ഫെഡിന്റെയും സഹകരണത്തോടെയാണ് കൂടുകൃഷി നടത്തിയത്.

മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഏറെ ജലസമ്പത്തുള്ള സംസ്ഥാനമാണ് കേരളമെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് തോടുകളും തണ്ണീര്‍ത്തടങ്ങളും കുറഞ്ഞത് പരമ്പരാഗത മത്സ്യങ്ങള്‍ക്ക് കുറവു വരുത്തിയിട്ടുണ്ട്. ഇങ്ങനെയുണ്ടായ കുറവുകള്‍ നികത്താന്‍ പുഴകളിലും മറ്റും ഇത്തരത്തില്‍ ആധുനിക രീതിയിലുള്ള കൂട് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

അന്‍വര്‍ സാദത്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം നിര്‍വഹിച്ചു. ഡോ. ഇമെല്‍ഡ ജോസഫ്, വി. സന്തോഷ് ബാബു, മനോജ് ജി. കൃഷ്ണന്‍, കെ. ജയകുമാര്‍, പി.എം. ഹംസക്കോയ, കെ.എം. ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി വിജയകരമായിരുന്നുവെന്ന് കണ്‍വീനര്‍ വി.വി. സന്തോഷ് പറഞ്ഞു. കാളാഞ്ചിയും കരിമീനും ഗിഫ്റ്റ് തിലോപ്പിയയുമാണ് കൃഷി ചെയ്തത്.