ആലുവ: ജയിലില്‍നിന്ന് പുറത്തിറങ്ങിയ ദിലീപ് വ്യാഴാഴ്ച പ്രധാന ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. ആലുവ ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയില്‍ രാവിലെ 6.45 ന് എത്തി. ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്തു. വഴിപാടുകള്‍ നടത്തിയ ശേഷം നേര്‍ച്ചക്കഞ്ഞി കഴിച്ച് എട്ടു മണിയോടെയാണ് മടങ്ങിയത്.

സുഹൃത്തുക്കളായ ജെറോം മൈക്കിള്‍, ശരത്ത്, ഏലൂര്‍ ജോര്‍ജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജയിലില്‍ സാന്ത്വനവുമായെത്തിയ കന്യാസ്ത്രീകളെയും ദിലീപ് മഠത്തിലെത്തി സന്ദര്‍ശിച്ചു.

തുടര്‍ന്ന് ആലുവ തോട്ടയ്ക്കാട്ടുകരയിലെ ഗണപതി ക്ഷേത്രം, മണപ്പുറം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പറവൂര്‍ കവലയിലുള്ള വീട്ടിലേക്കാണ് ദിലീപ് മടങ്ങിയത്. നാദിര്‍ഷ ദിലീപിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. വൈകീട്ടോടെ ഭാര്യ കാവ്യ മാധവനോടൊപ്പം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ദിലീപ് എത്തിയിരുന്നു.