ചെങ്ങമനാട്: പ്രളയം തകര്‍ത്ത വടക്കന്‍ ജില്ലകളിലെ ദുരിത ബാധിതര്‍ക്ക് സഹായവുമായി ആദം ഷിജുവും കൂട്ടുകാരും യാത്ര തിരിച്ചു. ഭക്ഷ്യവസ്തുക്കളും അടിയന്തരാവശ്യ സാധനങ്ങളുമായി ഷിജുവിന്റെ ടോറസുകളിലും മറ്റ് വാഹനങ്ങളിലുമായി വെള്ളിയാഴ്ച ആദ്യ ലോഡ് നിലമ്പൂരിലേക്കാണ് പോയത്.

ചെങ്ങമനാട് പാലപ്രശ്ശേരി പടമിറ്റത്ത് ഷിജുവെന്ന 'ആദം ഷിജു'വും സുഹൃത്തുക്കളും കഴിഞ്ഞ പ്രളയത്തില്‍ നൂറുകണക്കിന് കുടുംബങ്ങളെയാണ് നാട്ടില്‍ രക്ഷപ്പെടുത്തിയത്.

റോഡില്‍ കടല്‍ പോലെ വെള്ളം കുത്തിയൊഴുകിയപ്പോള്‍ അനേകങ്ങളുടെ ജീവന് തുണയായത് ഷിജുവിന്റെ ടോറസ് വാഹനമായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രങ്ങള്‍, മറ്റവശ്യ സാധനങ്ങളെല്ലാം സുമനസ്സുകളില്‍നിന്ന് വാങ്ങി അര്‍ഹരായവര്‍ക്ക് ഷിജുവും കൂട്ടരും എത്തിച്ചു. നൂറിലേറെ യുവാക്കള്‍ സര്‍വ സന്നദ്ധരായി ആഴ്ചകളോളമാണ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയത്.

അന്ന് വടക്കന്‍ ജില്ലകളില്‍നിന്നു ലഭിച്ച സഹായങ്ങള്‍ അര്‍ഹരായവരിലെത്തിക്കാന്‍ ഷിജുവിനെയാണ് ഏല്‍പ്പിച്ചത്.

ഇത്തവണ പ്രളയം വടക്കന്‍ ജില്ലകളെ ബാധിച്ചപ്പോള്‍ അവരെ സഹായിക്കാന്‍ ഷിജുവും കൂട്ടരും രംഗത്തിറങ്ങി.

ശനിയാഴ്ച ഉച്ചയോടെ പാലപ്രശ്ശേരിയില്‍നിന്ന് അവശ്യ സാധനങ്ങളുമായി ടോറസ് പുറപ്പെട്ടപ്പോള്‍ നാട്ടുകാരെത്തി ഊഷ്മളമായ യാത്രയയപ്പാണ് ഇവര്‍ക്ക് നല്‍കിയത്. പ്രളയം ദുരിതത്തിലാക്കിയവര്‍ക്കൊപ്പമാണ് ഇത്തവണ ബലിപെരുന്നാള്‍ ആഘോഷമെന്ന് ഷിജു പറഞ്ഞു. തിങ്കളാഴ്ച വയനാട്ടിലേക്കാണ് വാഹനം പുറപ്പെടുന്നത്. അതിനായി ഒരുക്കങ്ങള്‍ ആരംഭിച്ചു. നാട്ടുകാരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കാന്‍ പാലപ്രശ്ശേരിക്കവലയില്‍ കളക്ഷന്‍ സെന്ററും തുടങ്ങിയിട്ടുണ്ട്.