പനങ്ങാട്: കായലിൽ ചൊറിശല്യം ഏറിയതോടെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായതായി പരാതി. ഇതുമൂലം മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവാതിര തക്കവും വെറുതെയായി. ചൊറി നിറയുന്നതോടെ വല കീറുന്നു. ഇവയുടെ ഭാരം താങ്ങാനാകാതെ ഊന്നിവലക്കുറ്റികൾ ഒടിഞ്ഞു പോകുന്നു. ചൊറി നിറയുന്നതിനാൽ വലയിൽ മത്സ്യം കയറുന്നുമില്ല. ഇതുമൂലം ഊന്നിവല, നീട്ടുവല, ചീനവല മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് പട്ടിണിയിലായിരിക്കുന്നത്.

 
പനങ്ങാട്, കുമ്പളം, ചേപ്പനം, ചാത്തമ്മ, നെട്ടൂർ, തേവര, ഉദയംപേരൂർ എന്നീ മേഖലയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കാണ് കഷ്ടപാട്. പോളപ്പായൽ ശല്യം ഒരു മാതിരി ഒതുങ്ങിയപ്പോഴാണ് ചൊറിശല്യമെത്തിയത്. പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ വി.ജി. ഷിബു, കെ.എം. വിമൽഘോഷ് എന്നിവർ പറഞ്ഞു.