കൊച്ചി: പൊട്ടിപ്പോയ ഓര്‍മയുടെ നൂലിഴകള്‍ ചേര്‍ത്തുപിടിച്ച് അയാള്‍ പറഞ്ഞു: ഞാന്‍ ജലീലാണ്, അതാണ് എന്റെ പേര്. എന്നെ അറിയുമോ...'

നഷ്ടപ്പെട്ട ഓര്‍മകള്‍ ബദ്ധപ്പെട്ട് വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിന്റെ താളം തെറ്റും. വേദനയും സങ്കടവും കരച്ചിലായും ചിലപ്പോള്‍ ആക്രോശമായും പുറത്തേക്ക് വരും.

ഒക്ടോബര്‍ 21-ന് കൊച്ചിയിലെ റോഡരികില്‍ അബോധാവസ്ഥയില്‍ ചോരയൊലിപ്പിച്ചു കിടന്ന ജലീലിനെ വഴിയാത്രക്കാരാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതര പരിക്കുള്ള, ഊരും പേരും അറിയാത്തയാളെ സ്വകാര്യ ആശുപത്രിയില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൈമാറി.

തലയിലെ മുറിവ് അപകടത്തെ തുടര്‍ന്നുണ്ടായതാണെന്നാണ് കരുതുന്നത്. വലിയൊരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇപ്പോള്‍ തല മുഴുവന്‍ സ്റ്റിച്ചുകളാണ്. മൂത്രം പോകാന്‍ ട്യൂബുകളിട്ടിട്ടുണ്ട്. മുറിവ് കരിഞ്ഞുതുടങ്ങിയെങ്കിലും ഓര്‍മ തിരിച്ചുകിട്ടിയിട്ടില്ല. പരസഹായമില്ലാതെ നടക്കാനും പറ്റില്ല.

പരസ്പര ബന്ധമില്ലാതെയാണ് സംസാരം. ജലീല്‍ എന്ന പേരുമാത്രം പറയുന്നുണ്ട്. ഉദ്ദേശം 55 വയസ്സുണ്ടാകും. ഫോര്‍ട്ട്‌കൊച്ചി ചിരട്ടപ്പാലത്തിനു സമീപം വീടുണ്ടെന്നും ഗള്‍ഫില്‍ ഡ്രൈവറായിരുന്നുവെന്നുമൊക്കെ ജലീല്‍ പറയുന്നുണ്ട്.

തിരുവനന്തപുരം തമ്പാനൂരിലും ആലപ്പുഴ ഇരുമ്പുപാലത്തിനടുത്തും ബന്ധുവീടുകളുണ്ടെന്നും പറയുന്നുണ്ട്.

സാമൂഹ്യ പ്രവര്‍ത്തകനായ തെരുവോരം മുരുകന്റെ നേതൃത്വത്തില്‍ ജലീലിനെ ആശുപത്രിയില്‍നിന്ന് ഏറ്റെടുത്ത് കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം നീരിക്ഷണത്തിനായി തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ഭാര്യയും മക്കളുമുണ്ട്. അവരുടെ അടുത്തേക്ക് എത്തിക്കണം എന്നാണ് ഇപ്പോള്‍ ജലീല്‍ പറയുന്നത്. ജലീലിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തെരുവോരം മുരുകനും സഹപ്രവര്‍ത്തകരും. എന്തെങ്കിലും വിവരം അറിയാവുന്നവര്‍ക്ക് 98460 51098 എന്ന നമ്പരില്‍ ബന്ധപ്പെടാം.