കൊച്ചി: ഓണമെത്തിയതോടെ നഗരത്തില്‍ പൂവിപണിയില്‍ പുതുപ്രതീക്ഷ. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിട്ട പൂവിപണി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍.

ഓണഘോഷങ്ങളും പൂക്കളവും വീട്ടുപടിക്കലേക്ക് ഒതുങ്ങുമ്പോഴും പൂവില്‍പ്പന തകര്‍ക്കുകയാണ്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കള്‍ കേരളത്തിലേക്കെത്തുന്നത്. കഴിഞ്ഞ കോവിഡ് കാലത്തെ അപേക്ഷിച്ച് ഇത്തവണ കടയില്‍ വില്‍പ്പന നടക്കുന്നുണ്ടെന്ന് നോര്‍ത്ത് പരമാര ക്ഷേത്രത്തിന് സമീപം പൂക്കട നടത്തുന്ന വിജിത ബിജോയ് പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് വിവാഹങ്ങളുടെ എണ്ണവും കൂടിയതോടെ മുല്ലപ്പൂ, റോസാപ്പൂ, പിച്ചിപ്പൂ... തുടങ്ങിയ പൂക്കള്‍ക്കും ആവശ്യക്കാരേറെയുണ്ട്.

തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് പ്രധാനമായും ജമന്തിപ്പൂക്കളെത്തുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ഓണാഘോഷം ഇല്ലാത്തത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. ജമന്തിപ്പൂവിന് 150 രൂപയാണ് കിലോയ്ക്ക് വില. വാടാമല്ലിക്ക് 200 രൂപയും അരളി കിലോയ്ക്ക് 300 രൂപയുമാണ് വില. ഈ പൂക്കള്‍ക്കാണ് കൂടുതലും ആവശ്യക്കാരുള്ളത്. ഇതിനൊപ്പം പല നിറങ്ങളിലുള്ള റോസാപ്പൂക്കള്‍ക്കും ആവശ്യക്കാരുണ്ട്. വിവാഹപ്പന്തല്‍ അലങ്കരിക്കുന്ന ഇത്തരം പൂക്കള്‍ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.

ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കായി പൂക്കള്‍ തേടിയെത്തുന്നവരുടെ എണ്ണവും കൂടി.

Content Highlights: flowers from other states have reached kerala to conquer onam market