തോപ്പുംപടി: കേരളത്തിന്റെ തീരക്കടലില്‍ കടുത്ത മീന്‍ ക്ഷാമമാണ്. പക്ഷേ, ആഴക്കടലില്‍ 'റാന്തല്‍' മീനുകള്‍ ആവശ്യത്തിലേറെയുള്ളതിനാല്‍ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്ന് ശാസ്ത്രസമൂഹം പറയുന്നു. 

മലയാളികള്‍ സാധാരണയായി ഉപയോഗിക്കാത്ത മീന്‍ ഇനമാണ് റാന്തലുകള്‍. എന്നാല്‍  മലയാളികളുടെ പ്രിയ മീനുകളായ ചാളയിലും അയലയിലും അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും റാന്തല്‍ മീനിലും അടങ്ങിയിട്ടുണ്ടത്രെ.  
കേരളത്തിന്റെ അതിര്‍ത്തിയില്‍ വരുന്ന അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലുമായി ഏതാണ്ട് 35 കോടി ടണ്‍ റാന്തല്‍ മീനുകളുടെ ശേഖരമുണ്ടെന്നാണ് കണക്ക്. ഇവയുടെ ചെറിയ ഭാഗമെങ്കിലും പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ മത്സ്യമേഖല നേരിടുന്ന പ്രതിസന്ധിക്ക് വലിയ അളവില്‍ പരിഹാരമാകും. 

മാംസ്യം, കൊഴുപ്പ് എന്നിവയാല്‍ സമ്പുഷ്ടമായ റാന്തല്‍ മീനുകള്‍ നേരിട്ട് കഴിക്കാന്‍ മലയാളിക്ക്   ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഈ മീനുകളെ ഉണക്കിയും സംസ്‌കരിച്ചുമൊക്കെ ഉപയോഗിക്കാം.  മീനെണ്ണ, മീന്‍ തീറ്റ എന്നിവ ഉത്പാദിപ്പിക്കുന്നതിനും ഇവ ഉപയോഗിക്കാം. ഇപ്പോള്‍ കേരളത്തില്‍ പിടിച്ചെടുക്കുന്ന മത്സ്യത്തിന്റെ വലിയൊരു പങ്ക്  മീന്‍ തീറ്റയ്ക്കായാണ് ഉപയോഗിക്കുന്നത്. ചെറു മീനുകളെയാണ് ഇതിനായി പിടിക്കുന്നത്. ഇതുമൂലം ചാള, അയല തുടങ്ങിയ ഉപരിതല മത്സ്യവിഭാഗങ്ങള്‍  വന്‍തോതില്‍ നശിച്ചു പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ചെറുമീന്‍ പിടിത്തം കേരളത്തില്‍ വിലക്കിയിട്ടുമുണ്ട്. എന്നാല്‍ റാന്തല്‍ മീന്‍ പിടിക്കുന്നതിന് വിലക്കുകള്‍ ബാധകമല്ല.
വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മത്സ്യത്തിന്റെ ക്ഷാമം, റാന്തല്‍ മീനിലൂടെ തീര്‍ച്ചയായും പരിഹരിക്കാമെന്ന് കേന്ദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.പി. രമേശന്‍ പറയുന്നു.   

കേരളത്തില്‍ കൊല്ലത്തിനും കൊച്ചിക്കും ഇടയില്‍ ആഴക്കടലില്‍ റാന്തല്‍ മീനുകളുടെ വന്‍ ശേഖരമുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവയെ പിടിക്കാനും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കേന്ദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സ്വിഫ്റ്റ്) നേതൃത്വത്തില്‍ വലിയ പ്രോജക്ട് നടപ്പാക്കുകയാണ്. കൊല്ലം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഈ പ്രോജക്ട് മുന്ന് വര്‍ഷം തുടരും.   

കടലില്‍ അഞ്ച് മുതല്‍ 200 മീറ്റര്‍ വരെ ആഴത്തില്‍ റാന്തല്‍ മീനുകളുണ്ട്. വലിപ്പം തീരെ കുറവാണിവയ്ക്ക്.  ഇവയെ പിടിക്കുന്നതിന് പ്രത്യേക വലകള്‍ സ്വിഫ്റ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. ഈ മീനില്‍ നിന്ന് എണ്ണയും മീന്‍ തീറ്റയും ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക പഠനങ്ങളും പൂര്‍ത്തിയായി. മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനും വഴി കണ്ടെത്തിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസം നീണ്ടകരയില്‍ ഇതുമായി ബന്ധപ്പെട്ട് മത്സ്യമേഖലയിലെ വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ഒരു ശില്പശാലയും നടത്തി. റാന്തല്‍ മീനുകള്‍ കേരളത്തിന്റെ മത്സ്യാധിഷ്ഠിത ആഹാരത്തിന് പുതിയ സ്രോതസ് ആയി മാറുമെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ കണക്കുകൂട്ടല്‍. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പോഷകമുള്ള മീന്‍. വാണിജ്യ മേഖലയിലും ഇത് ചലനങ്ങള്‍ സൃഷ്ടിക്കും.