കൊച്ചി:  പതിനെട്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ഫെഡറല്‍ ബാങ്ക് പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ടായ ഫെഡ്ഫസ്റ്റ് അവതരിപ്പിച്ചു. ആരോഗ്യകരമായ സമ്പാദ്യം, ചെലവഴിക്കല്‍ ശീലങ്ങള്‍ വികസിപ്പിച്ചെടുത്ത് അവര്‍ക്ക് സമ്പാദിക്കാനും ചെലവഴിക്കാനും വരുമാനം നേടാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ അക്കൗണ്ട്.

പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം കുട്ടികളെ പരിശീലിപ്പിക്കുന്ന രീതിയിലാണ് അക്കൗണ്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്. അതിനനുസരിച്ചുള്ള സവിശേഷതകളും അക്കൗണ്ടിനുണ്ട്. പ്രതിദിനം 2,500 രൂപയുടെ പണം പിന്‍വലിക്കല്‍ പരിധിയും പിഒഎസ്, ഇ കൊമേഴ്സ് എന്നിവയ്ക്ക് 10,000 രൂപയുടെ പരിധിയും ഉള്ള കോണ്‍ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് ഫെഡ്ഫസ്റ്റ് അക്കൗണ്ടിനോടൊപ്പം നല്‍കും. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ അലര്‍ട്ട്, ഇമെയില്‍ അലര്‍ട്ട് തുടങ്ങിയ സൗജന്യ ഓണ്‍ലൈന്‍ സൗകര്യങ്ങളും നല്‍കും. റിവാര്‍ഡ് പോയിന്റുകള്‍, വിവിധ സന്ദര്‍ഭങ്ങളിലെ കാഷ്ബാക്ക്, പ്രോല്‍സാഹന ആനുകൂല്യങ്ങള്‍, ഭക്ഷണം, ഹോട്ടല്‍ താമസം, ബില്‍ അടക്കല്‍ എന്നിവയ്ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇതിനു പുറമെ ലഭിക്കും.

മാനുഷികതയില്‍ അടിസ്ഥാനമായുള്ള ശക്തമായ ഡിജിറ്റല്‍ സേവനങ്ങള്‍ എന്നതാണ് തങ്ങളുടെ പ്രവര്‍ത്ത രീതിയെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ ഫെഡറല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയും റീട്ടെയില്‍ വിഭാഗം ബിസിനസ് മേധാവിയുമായ ശാലിനി വാര്യര്‍ ചൂണ്ടിക്കാട്ടി. ഫെഡ്ഫസ്റ്റ് ഇതനുസരിച്ചുള്ള മറ്റൊരു മുന്നേറ്റമാണ്. കുട്ടികളെ ശക്തരാക്കുകയും ചെറുപ്രായത്തില്‍ തന്നെ അവര്‍ക്ക് ഫലപ്രദമായ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതുമാണ് ഫെഡ്ഫസ്റ്റിന്റെ സവിശേഷതകള്‍.  സാമ്പത്തികാസൂത്രണം ശീലിക്കാനും സാമ്പത്തിക സാക്ഷരതയോടെ വളരാനും ഈ പദ്ധതി പിന്തുണ നല്‍കുമെന്നും യുവ ഇന്ത്യയെ സാമ്പത്തിക സ്വതന്ത്ര്യമുളള വ്യക്തികളാക്കി വളര്‍ത്തുമെന്നും ശാലിനി വാര്യര്‍ കൂട്ടിച്ചേര്‍ത്തു. പതിനെട്ടു വയസിനു താഴെയുള്ളവരെ സമ്പാദിക്കുന്നതിനു തുടക്കം കുറിക്കാന്‍ പര്യാപ്തരാക്കുകകയും ഉന്നത വിദ്യാഭ്യാസം, സംരംഭകത്വ ലക്ഷ്യങ്ങള്‍ എന്നിവ മുന്നില്‍ക്കാണാന്‍ സഹായിക്കുകയും ചെയ്യുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ശാലിനി വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Federal Bank launches ‘FedFirst’ account for children