കൊച്ചി: രണ്ടു വര്‍ഷത്തോളം താമസിച്ച പ്രിയ ഫ്‌ളാറ്റിന്റെ ഓര്‍മകളിലാണ് നീല്‍ ആ വരികള്‍ കുറിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ടവന്റെ വേദനയെല്ലാം ആ വരികളില്‍ തെളിഞ്ഞു കാണാം.

മരട് ഫ്‌ലാറ്റുകള്‍ക്കൊപ്പം കിടപ്പിടം നഷ്ടമായവരില്‍ ഒരാളാണ് നീല്‍ ലീ ലക്കും. സ്വീഡനില്‍നിന്നുള്ള ഗായകനും സംഗീത സംവിധായകനുമെല്ലാമാണ് നീല്‍. 400 പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിലുണ്ട്. സംഗീത പരിപാടികളുമായി എത്തിയതാണ് കേരളത്തിലേക്ക്.

21 ഇടങ്ങളില്‍ മാറി താമസിച്ച ശേഷമാണ് നീല്‍ മരടിലെ ഗോള്‍ഡന്‍ കായലോരത്തിലേക്ക് വാടകക്കാരനായി എത്തുന്നത്. കായലിന്റെ സാമീപ്യവും ചുറ്റുമുള്ള ഗ്രാമീണ അന്തരീക്ഷവുമെല്ലാം നീലിന് ഏറെ ഇഷ്ടമായി. കഴിഞ്ഞ രണ്ടു വര്‍ഷം ആ ഫ്‌ലാറ്റ് തന്നെയായിരുന്നു തന്റെ ലോകമെന്ന് നീല്‍ പറയുന്നു.

'ഫ്‌ലാറ്റ് പൊളിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലായിരുന്നു. സ്വന്തമെന്ന് കരുതിയ വീടുപേക്ഷിച്ച് മടങ്ങേണ്ടിവരുന്നത് ഏറെ ദുഃഖകരമാണ്. സമാനമായ അവസ്ഥയിലുള്ളവരെക്കുറിച്ചു കൂടി ചിന്തിച്ചപ്പോള്‍ ഗാനത്തിന്റെ വരികള്‍ പിറന്നു' - നീല്‍ പറഞ്ഞു.

ഫ്‌ലാറ്റ് പൊളിക്കുന്നതു കാണാന്‍ നീലുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഗോള്‍ഡന്‍ കായലോരത്തിലെത്തിയിരുന്നു. തകര്‍ന്നടിഞ്ഞ ഫ്‌ലാറ്റിന്റെ ദൃശ്യങ്ങള്‍ ഏറെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

content highlights: Sweden native musician who lived in maradu golden kayaloram flat