'തീവണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ കാതോരത്തേക്ക് ഒഴുകിയെത്തുന്ന ആ മധുരസ്വരം... യാചകര്‍ എന്ന അവഗണനയുടെ മേല്‍വിലാസം ചാര്‍ത്തി നമ്മളില്‍ പലരും അവജ്ഞയോടെ മുഖം തിരിക്കുന്ന മധുരസ്വരത്തിന്റെ ഉടമകള്‍... അവരാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ സംഗീതമഴയായി പെയ്തിറങ്ങുന്നത്...'

എറണാകുളം ടി.ഡി.എം. ഹാളിലേക്ക് കയറിച്ചെല്ലുമ്പോള്‍ മുന്നിലുണ്ടായിരുന്ന ബോര്‍ഡില്‍ തെളിഞ്ഞ വാക്കുകള്‍. ആ സംഗീതമഴ നനഞ്ഞിരിക്കുമ്പോള്‍ മനസ്സില്‍ തൊട്ട് അവരോട് പറയാന്‍ ഈ വാചകങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളു: 'നിങ്ങള്‍ യാചകരല്ല, നിങ്ങള്‍ ഗായകരാണ്... തെരുവിന്റെ സ്വരധാര...'

തെരുവിലെ മാണിക്യങ്ങള്‍

തെരുവില്‍ അലഞ്ഞുനടന്ന് സംഗീതത്തിന്റെ ശ്രുതിമീട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോയ കുറേപ്പേര്‍... എവിടെനിന്നെല്ലാമോ കേട്ടുപഠിച്ച പാട്ടുകള്‍ വഴിനീളെ പാടിനടന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോയവര്‍... സംഗീതം മാത്രം കൂട്ടിനുണ്ടായിരുന്ന ഇവര്‍ പക്ഷേ, ബന്ധുക്കളുടേയും നാട്ടുകാരുടേയുമൊക്കെ മുന്നില്‍ അവഗണനയുടെ മുള്‍മുനകളില്‍ പിടഞ്ഞവരായിരുന്നു. അവരുടെ മുന്നിലേക്കാണ് 'സ്വരധാര്‍' എന്ന പേരില്‍ കൂട്ടായ്മയുടെ കൈകള്‍ നീട്ടി ഹേമലത എന്ന വനിത കടന്നുവന്നത്.

മുംബൈക്കാരിയായ ഹേമലത സ്ഥാപിച്ച 'സ്വരധാര്‍' എന്ന സംഘടനയിലെ കലാകാരന്‍മാരായി ഇവര്‍ ഇന്ന് സംഗീതത്തിന്റെ വലിയ ആസ്വാദകലോകം കെട്ടിപ്പടുക്കുമ്പോള്‍ എത്ര കൈയടികള്‍ നല്‍കിയാലും അതൊന്നും അധികമാകില്ല. അത്രമേല്‍ മധുരമായും ഉജ്ജ്വലമായുമാണ് അവര്‍ ഇപ്പോള്‍ ശ്രോതാക്കളുടെ മുന്നില്‍ സംഗീതത്തിന്റെ മഴയായി പെയ്തിറങ്ങുന്നത്.

വൈകല്യം മറികടന്നവര്‍

'വൈകല്യങ്ങളെത്തുടര്‍ന്ന് അനാഥരാക്കപ്പെട്ട കുറേപ്പേര്‍ക്ക് ജീവിതം നല്‍കുക' എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംഘടന തുടങ്ങിയതെന്നാണ് 'സ്വരധാറി'ന്റെ സി.ഇ.ഒ. ഹേമലത പറയുന്നത്.

'അന്ധരായ 36 പേരും ഒരു പോളിയോ ബാധിതനും അടക്കം 50 പേരുടെ സംഘമാണ് ഇന്ന് സ്വരധാറിലുള്ളത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന് ഗാനാലാപനം നടത്തി ജീവിച്ചിരുന്ന ആളുകളെ കണ്ടെത്തി, അവരുടെ കലയും ജീവിതവും നന്നാക്കിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ പാടിനടന്ന എത്രയോ പേരെയാണ് ഈ സംഘടനയിലൂടെ ഞങ്ങള്‍ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്. വീട്ടുകാര്‍ ഉപേക്ഷിച്ചവരും സമൂഹത്തില്‍ ഒറ്റപ്പെട്ടവരുമായ ഇത്തരക്കാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരല്‍ ശ്രമകരമായ ഒരു ദൗത്യമായിരുന്നു. പക്ഷേ, അത് യാഥാര്‍ത്ഥ്യമാക്കാന്‍ 'സ്വരധാറി'ലൂടെ ഞങ്ങള്‍ക്ക് കഴിഞ്ഞു. പണ്ട് വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട ഇവര്‍ക്ക്, ഇപ്പോള്‍ മെച്ചപ്പെട്ട ജീവിതമായപ്പോള്‍ ബന്ധുക്കള്‍തന്നെ ഇവരെ തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നുമുണ്ട്. അതുതന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയമെന്നാണ് കരുതുന്നത്...' -ഹേമലതയുടെ വാക്കുകളില്‍ സ്വരധാറിന്റെ ചിത്രം തെളിയുന്നു.

കേരളത്തില്‍ പാടുമ്പോള്‍

സത്യസായി ബാബയുടെ 94-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് 'സ്വരധാറി'ലെ കലാകാരന്‍മാര്‍ കേരളത്തിലേക്ക് വരുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള 18 കലാകാരന്‍മാരാണ് കേരളത്തില്‍ സംഗീതത്തിന്റെ വിരുന്നുമായി എത്തിയിട്ടുള്ളത്.

ശനിയാഴ്ച തിരുവനന്തപുരത്ത് സംഗീതാര്‍ച്ചന നടത്തിയ സംഘം ചൊവ്വാഴ്ച കൊച്ചിയിലും സംഗീത വിരുന്നുമായി എത്തുകയായിരുന്നു. 'സര്‍ഗം' എന്ന സിനിമയിലെ 'സ്വരരാഗ ഗംഗാ പ്രവാഹമേ...' എന്ന ഗാനമടക്കം ഒട്ടേറെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതമഴയാണ് കൊച്ചിയുടെ കലാമുറ്റത്ത് ഈ കലാകാരന്‍മാര്‍ നിറച്ചത്.

മലയാളത്തിന് പുറമേ, ഹിന്ദി, മറാഠി ഗാനങ്ങളുടെയും വലിയൊരു ശേഖരം ഈ കലാകാരന്‍മാരുടെ കലാവിരുന്നിലുണ്ട്. ആ സംഗീതമഴയില്‍ നനഞ്ഞിരിക്കുമ്പോള്‍ വീണ്ടും നമ്മള്‍ മനസ്സില്‍ത്തൊട്ട് പറഞ്ഞുപോകും: 'നിങ്ങള്‍ തെരുവിന്റെ മധുര സ്വരധാര.'

Content Highlights: Swardhaar, music performance by street singers, TDM hall ernakulam