മൂവാറ്റുപുഴ: ജീവിതത്തിന്റെ ഏകാന്തതയിൽ സിസ്റ്റർ ലിസി വടക്കേലിന് ക്രിസ്മസ് ആശംസകളുമായി മൂവാറ്റുപുഴ പോലീസ്. സിസ്റ്റർ താമസിക്കുന്ന വാഴപ്പിള്ളിയിലെ ജ്യോതിഭവൻ മഠത്തിലെ ഔട്ട് ഹൗസിലാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ എസ്.ഐ. സൂഫിയും സംഘവും ക്രിസ്മസിന്റെ സ്നേഹവും സാന്ത്വനവുമായി എത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ട് വനിതാ പോലീസ് ഓഫീസർമാരോടൊപ്പം ക്രിസ്മസ് ആശംസകൾ പങ്കിട്ടപ്പോൾ സിസ്റ്ററുടെ കണ്ണുകൾ നിറഞ്ഞു. അകന്ന ഒരു ബന്ധുവല്ലാതെ അവർക്ക് ആശംസകളുമായി മറ്റാരും എത്തിയിരുന്നില്ല. മഠത്തിൽ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്രിസ്മസ് ദിനങ്ങളിലെ സിസ്റ്ററുടെ ഒറ്റപ്പെടലിന്റെ നൊമ്പരം പങ്കുവെച്ചതെന്ന് എസ്.ഐ. സൂഫി ‘മാതൃഭൂമി’യോട് പറഞ്ഞു. ഇത് കേട്ടതോടെ അവരെ കാണാനും ആശംസകളറിയിക്കാനും തീരുമാനിക്കുകയായിരുന്നു. വൈകീട്ട് ഏഴോയോടെ മഠത്തിലെത്തി.

ഒറ്റയ്ക്കെന്നറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ കേക്കുമായി എത്തിയപ്പോൾ സിസ്റ്റർ ആദ്യം അമ്പരന്നു, പിന്നീട് അറിയാതെ കണ്ണുകൾ നിറഞ്ഞു. കേക്കുമായാണ് എസ്.ഐ. സൂഫിയും ബൈജുവും എ.എസ്.ഐ. സലാമും, ഷാജിയും അടങ്ങുന്ന ഓഫീസർമാർ മഠത്തിലെത്തിയത്. എല്ലാവരുടേയും സാന്നിധ്യത്തിൽ സ്റ്റേഷൻ റൈറ്റർ ബൈജു കേക്ക് മുറിച്ചു. പിന്നീട് നിറഞ്ഞ ചിരിയോടെ സിസ്റ്റർ എല്ലാവർക്കും കേക്ക് നൽകി. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ മൊഴി കൊടുത്തതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് സിസ്റ്റർ ലിസിയെ ഒറ്റപ്പെടുത്തിയത്.

Content highlights: Moovattupuzha Police wish sister Lici