amithമെട്രോ നഗരമായ കൊച്ചിക്കിനി പാർക്കിങ് ഒരു പ്രശ്നമാകില്ല. സ്വന്തം വീട്ടിലിരുന്ന് വിരലമർത്തിയാൽ മതി, കിലോമീറ്ററുകൾക്കപ്പുറം നിങ്ങൾക്കായി പാർക്കിങ് സ്പേസ് ഒരുങ്ങും. ടെൻഷനടിക്കാതെ പാർക്കിങ് സ്ഥലം കണ്ടെത്താൻ സഹായിക്കുകയാണ് ‘പിൻപാർക്ക്’ എന്ന ആപ്പിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ. 

 നഗരത്തിൽ ഒരു പാർക്കിങ് സ്പേസ് കണ്ടെത്തണമെങ്കിൽ നമ്മുടെ ലക്ഷ്യസ്ഥാനവും കഴിഞ്ഞ് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പരിചയമില്ലാത്ത സ്ഥലമാണെങ്കിൽ പറയുകയും വേണ്ട. ഇതിനൊരു പരിഹാരമാണ് ‘പിൻപാർക്കി’ലൂടെ ഇവർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവും സംരംഭത്തിന് പിന്താങ്ങാകുന്നു. 

കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. കാക്കനാട് പ്രവർത്തിക്കുന്ന ഓമ പാർക്കിങ്‌ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആപ്പിന്റെ സ്രഷ്ടാക്കൾ. അമിത് ശശി, ശ്രീജിത്ത് കുമാർ എസ്. എന്നിവരാണ് ഈ ആശയത്തിന് പുറകിൽ. ഇവരോടൊപ്പം സജയ് പൂമരന്തിങ്കൽ, സൂണോ കുറ്റിയിൽ എന്നിവരും ടീമംഗങ്ങളാണ്. 

 നഗരത്തിലെ പേ ആൻഡ് പാർക്ക് കേന്ദ്രങ്ങളുമായും പാർക്കിങ്ങിനു പറ്റിയ സ്ഥലം നൽകാൻ തയ്യാറായവരുമായും ബന്ധം സ്ഥാപിക്കുകയും പാർക്കിങ് സ്ഥലങ്ങളുടെ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുകയുമാണ് ഇവർ പ്രാഥമികമായി ചെയ്യുന്നത്. ഇതുവഴി യാത്രികന് പിൻപാർക്ക് ആപ്പിലെ സെർച്ച് ഓപ്ഷനിലൂടെ പാർക്കിങ് സ്ഥലം കണ്ടെത്താൻ സാധിക്കും. തുടർന്ന് ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്ന് യാത്രക്കാരന് ഇഷ്ടമുള്ള സ്ഥലവും അതിനുവേണ്ട സമയവും തിരഞ്ഞെടുക്കാൻ സാധിക്കും. യാത്രക്കാരൻ തന്റെ ഓപ്ഷൻ സെലക്ട് ചെയ്യുന്ന അതേസമയം തന്നെ പാർക്കിങ് കേന്ദ്രം നടത്തുന്നവർക്കും ഈ വിവരം ലഭിക്കും. ഓൺലൈനായി പണം നൽകി സ്ഥലം ബുക്ക് ചെയ്യാനും കഴിയും. 

ഇതിലൂടെ നഗരം എങ്ങനെ മാലിന്യമുക്തമാകും എന്നാണ് ചിന്തയെങ്കിൽ അതിന് ഉത്തരമുണ്ട് അമിത്തിന്. തങ്ങളുടെ സംരംഭം ആരംഭിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തിയത് പാർക്കിങ് സ്ഥലം ഇല്ലാതെ തിങ്ങി നിറഞ്ഞ നഗരത്തെയാണ്. ഒപ്പം ഒഴിഞ്ഞുകിടക്കുന്ന ഒട്ടനവധി സ്വകാര്യ സ്ഥലങ്ങളും. ഇതിൽ മുഴുവൻ കുമിഞ്ഞുകൂടുന്ന മാലിന്യവും. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി സ്ഥലമുടമകളുമായി ചർച്ച നടത്തി, ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് സംഘം ഈ സ്ഥലം ഉപയോഗിക്കുന്നത്. 
 പല സ്ഥലങ്ങളും വൃത്തിയാക്കുമ്പോൾ മൂന്നടിയോളം താഴ്ചയിൽ മാലിന്യവും മറ്റും കാണാൻ സാധിച്ചിട്ടുണ്ടെന്നും അമിത് പറഞ്ഞു. വെറുതേകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ചെറിയ ലാഭം കണ്ടെത്താൻ ഉടമകൾക്ക് സാധിക്കുന്ന പദ്ധതികൂടിയാണ്. കമ്പനിക്ക് ലഭിക്കുന്നതിൽ നിന്ന് ചെറിയ ലാഭം സ്ഥലമുടമകൾക്കും ലഭിക്കുന്നു. പദ്ധതിയിൽ ഭാഗമാകുന്നതോടെ തന്റെ സ്ഥലം കൈവിട്ടുപോകുമോ എന്ന ഭയവും വേണ്ട. സ്ഥലം വിൽക്കുകയോ, വാടകയ്ക്ക് നൽകുകയോ അല്ല, മറിച്ച് ഒരു കോൺട്രാക്ട് മാത്രമാണ്. തന്റെ സ്ഥലം തിരികെ ലഭിക്കണമെങ്കിൽ ഒരു മാസം മുമ്പ് കമ്പനിക്ക്‌ വിവരം നൽകേണ്ട കാര്യം മാത്രമേയുള്ളു. 

മെട്രോ സർവീസ് ആരംഭിക്കുമ്പോൾ കൂടുതൽ പാർക്കിങ്‌ സ്ഥലം ആവശ്യംവരുമെന്നതിനാൽത്തന്നെ കൂടുതൽ പാർക്കിങ് സ്ലോട്ടുകൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണിവർ. എല്ലാ മെട്രോ സ്റ്റേഷനുകൾക്കു സമീപവും പരമാവധി സ്ഥലങ്ങൾ കണ്ടെത്തും. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും സ്കൂൾ-കോളേജ് ഗ്രൗണ്ടുകളും മറ്റും ഉൾപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നത്. നിലവിൽ ആലുവയിൽ 120 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മുട്ടം, അമ്പാട്ടുകാവ് മേഖലയിൽ കൂടുതൽ പാർക്കിങ്‌ സൗകര്യം ഒരുക്കുന്നതിന് വ്യക്തികളുമായുള്ള ചർച്ചകളും ഇവർ നടത്തുന്നുണ്ട്.