ശില്പം:  (മടലിലും കയറിലും)
 ഒരു കഷ്ണം തെങ്ങിൻ മടലിലും  ഒരുപിടി കയറിലും മനോഹരമായ  ഈ ശില്പങ്ങൾ ഒരുക്കുകയാണ്‌  കെ.ജെ. ജോർജ്‌

# പി.ബി. ഷഫീഖ് | shaffin777@gmail.com

അരയന്നത്തോണിയിൽ സംഗീതോപകരണ വാദനത്തിൽ മുഴുകിയിരിക്കുന്ന ഒരുപറ്റം കലാകാരന്മാർ... ക്ലാരനറ്റും ഡ്രംസും തബലയും മൃദംഗവും ഓടക്കുഴലു​െമല്ലാം അവർക്കിടയിലുണ്ട്. ഒരു കഷ്ണം തെങ്ങിൻ മടലിലും ഒരുപിടി കയറിലുമാണ് മനോഹരമായ ഈ ശില്പം തയ്യാറായിരിക്കുന്നതെന്നതാണ് ഇതിലെ അദ്‌ഭുതം.

 തൃക്കാക്കര തോപ്പിൽ കോലോത്തും വീട്ടിൽ ‘പെട്ടിജോർജ്‌’ എന്നറിയപ്പെടുന്ന കെ.ജെ. ജോർജ്‌ എന്ന കലാകാരന്റെ സർഗാത്മകതയിൽ വിരിഞ്ഞ ശില്പമാണിത്.  
 വെറുമൊരു ശില്പി മാത്രമല്ല ജോർജ്‌. കഴിവു തെളിയിച്ച ഗായകൻ, സംഗീത സംവിധായകൻ, നാടകക്കാരൻ... ഇങ്ങനെ നീളുന്നു ജോർജിന് നാട് ചാർത്തിനൽകിയിട്ടുള്ള പ്രതിഭാ പട്ടങ്ങൾ.
 പെട്ടിജോർജ്‌ എന്ന പേരിന് പിന്നിലുമുണ്ട് ചരിത്രം.  പ്രാർത്ഥനാ ഗാനങ്ങൾ പാടിയും അവയ്ക്ക് സംഗീതമൊരുക്കിയുമായിരുന്നു ജോർജിന്റെ സംഗീതരംഗത്തെ ചുവടുവയ്പ്. പാട്ടുകൾക്ക് ശ്രുതിമീട്ടാൻ ജോർജിനോട് കൂട്ടുകൂടിയ ഹാർമോണിയം അദ്ദേഹത്തിന്റെ സന്തത സഹചാരിയെപ്പോലയായി. അങ്ങനെ നാട്ടുകാർ ജോർജിനെ സ്നേഹപൂർവം വിളിച്ചതാണ് ‘പെട്ടിജോർജ്‌.

 ലളിത സംഗീതത്തിലും നാടകഗാന രംഗത്തും ഒന്നാമനായിരുന്നു ജോർജ്‌. തലതൊട്ടപ്പന്മാരില്ലാതെ പോയതിനാലാവണം, വിധി ജോർജിനെ കൽപ്പണിക്കാരനാക്കി മാറ്റി. അവിടെയും ജോർജ്‌ വ്യത്യസ്തനായി. മുന്നിലെ ചട്ടിയിലെ സിമന്റും െെകയിലെ കരണ്ടിയും കൊണ്ട് മനോഹരമായ ശില്പങ്ങൾ ജോർജ്‌ പണിതുയർത്തി. ജോർജിന്റെ ശില്പചാതുര്യം അറിഞ്ഞും പറഞ്ഞും കേട്ടവർ ജോർജിനെ തേടി ഇടപ്പള്ളിയിലേക്ക് വരവാരംഭിച്ചു.

 ഒഡിഷയിലെ നേവി അസ്ഥാനത്തുൾപ്പെടെ ജോർജിന്റെ കരവിരുതുകൾ കാണാം. രണ്ടു മാസത്തോളം സമയമെടുത്താണ് അവിടെ യുദ്ധക്കപ്പൽ പണിതുയർത്തിയത്. ദ്രോണാചാര്യ നേവൽ കേന്ദ്രത്തിലും ജോർജൊരുക്കിയ നെഹ്‌റുവും ഗാന്ധിജിയുമൊക്കെ തലയുയർത്തി നിൽപ്പുണ്ട്. മനുഷ്യമുഖങ്ങളും ശരീരവും മാത്രമല്ല, ദിനോസറും സിംഹവും കടുവയും കുയിലും മയിലുമെല്ലാം ദിവസങ്ങൾക്കുള്ളിൽ ജോർജ്‌ സിമന്റിൽ മെനഞ്ഞെടുക്കും.

  രണ്ടുവർഷം മുമ്പാണ്, ചകിരിയും മടലുമൊക്കെ കൊണ്ടുള്ള ശില്പനിർമാണം ജോർജ്‌ ആരംഭിച്ചത്. പക്ഷേ, ഇതിലൊന്നിലും ജോർജിന് ഗുരുക്കന്മാർ ഇല്ലെന്നതാണ് മറ്റൊരു ആശ്ചര്യം. ഭാര്യ സൂസിയുടെ പിന്തുണയും മക്കളായ നിസനും സനുവും അവരുടെ കുടുംബവുമൊക്കെ നൽകുന്ന പ്രോത്സാഹനമാണ് തനിക്ക് പ്രേരണയെന്ന് ജോർജ്‌ പറയുന്നു.

 ഹൃദ്രോഗിയായ ജോർജ്‌ മൂന്നു വർഷമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതും ശില്പനിർമാണത്തിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. പ്രകൃതിയിലെ എന്തിനും സിമന്റിലൂടെയും ചകിരിയിലൂടെയുമെല്ലാം രൂപം നൽകുന്ന ജോർജിന് മുന്നിലെത്തിയാൽ മതി ആവശ്യക്കാരന്റെ ഇഷ്ടാനുസരണം ശില്പങ്ങൾ റെഡി.


അക്ഷരം: (ശ്ലോകത്തിലും കവിതയിലും)

കാവ്യരചനയുടെയും  അക്ഷരശ്ലോക ആലാപനത്തിന്റെയും മേഖലയെ  അർഥപൂർണമാക്കുന്ന  അംബിക പിഷാരസ്യാർ

# പി.വി. കൃഷ്ണൻ കുറൂർ

അരനൂറ്റാണ്ട്‌ മുമ്പ്‌ പറവൂർ പെരുവാരത്തപ്പന്റെ സന്നിധിയിലിരുന്ന്‌ കുറുച്ചുപേർ അക്ഷരശ്ലോകം ചൊല്ലി... പെരുവാരത്ത്‌ പിഷാരത്തെ അംബിക പിഷാരസ്യാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്‌. ഇന്നും ശ്ലോകം ചൊല്ലാനിരുന്നാൽ അംബിക ടീച്ചർ മറ്റെല്ലാം മറക്കും.

 മലയാളം വിദ്വാനും ഹിന്ദി വിദ്വാനും ടൈപ്പ്‌റൈറ്റിങ്ങും ഷോർട്ട്‌ ഹാൻഡും അധ്യാപക പരിശീലന പരീക്ഷയുമൊക്കെ പാസ്സായി. ആലുവ ആലങ്ങാട്‌ ഹൈസ്കൂളിൽ അധ്യാപികയുമായി. എന്നാൽ, കാവ്യരചനയുടെയും അക്ഷരശ്ലോക ആലാപനത്തിന്റെയും മേഖലയിലേക്ക്‌ കടന്നതിൽപ്പിന്നെയാണ്‌, അംബിക ടീച്ചർക്ക്‌ ജീവിതം അർഥപൂർണമായി അനുഭവപ്പെട്ടത്‌.
 കുട്ടിക്കാലത്തുതന്നെ അച്ഛൻ ജ്യോത്സ്യൻ രാമപ്പിഷാരടിയിൽ നിന്ന്‌ സംസ്കൃതം പഠിക്കാൻ സാധിച്ചു. അമ്മ ഗോമതി പിഷാരസ്യാർക്ക്‌ പെരുവാരം മഹാദേവ ക്ഷേത്രത്തിൽ ‘മാലക്കഴകം’ ആയിരുന്നു ജോലി. സഹോദരൻ കൃഷ്ണപ്പിഷാരടിയും ആ കർമത്തിന്റെ പിൻതുടർച്ചക്കാരനാണ്‌. മറ്റൊരു സഹോദരൻ നാരായണപ്പിഷാരടി ഇപ്പോൾ കേരള ഹൈക്കോടതി ജഡ്‌ജിയാണ്‌. സഹോദരി ലളിതാംബിക അധ്യാപികയായിരുന്നു.

 1972-ൽ പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ അംബിക ടീച്ചറുടെ നേതൃത്വത്തിൽ 20 പേർ ചേർന്ന്‌   ‘ശ്രീകൃഷ്ണ അക്ഷരശ്ലോക സമിതി’ രൂപവത്‌കരിച്ചതോടെ, ശ്ലോക പഠനത്തിലും പരിശീലനത്തിലുമെല്ലാം ഒരു ചിട്ട വരുത്താൻ അവർക്ക്‌ കഴിഞ്ഞു. ക്രമേണ, കാവ്യകേളിയും പരിശീലിച്ചു. ധാരാളം പേരെ ഈ രംഗത്തേക്ക്‌ കൈപിടിച്ചുയർത്താനും കഴിഞ്ഞു.

 1976-ൽ വൈപ്പിൻകരയിലെ െകാച്ചമ്പലം ക്ഷേത്രത്തിൽ നടന്ന അക്ഷരശ്ലോക മത്സരത്തിൽ അംബിക ടീച്ചർക്കായിരുന്നു ഒന്നാം സമ്മാനവും ട്രോഫിയും. തുടർന്ന്‌ കോട്ടുവള്ളി, ഇടപ്പള്ളി ചങ്ങമ്പുഴ അക്ഷരശ്ലോക സദസ്സ്‌, വെൺമണി കാവ്യോത്സവം, കൊടുങ്ങല്ലൂർ സദസ്സ്‌, തൃശ്ശൂർ പൂരം സദസ്സ്‌, ഇരിങ്ങാലക്കുട അക്ഷരശ്ലോക സമിതി തുടങ്ങി അഖില കേരളാടിസ്ഥാനത്തിൽ നടത്തിവരുന്ന വിവിധ മത്സരങ്ങളിൽ സമ്മാനിതയായിട്ടുണ്ട്‌.

 സംസ്കൃതവൃത്തത്തിലും ദ്രാവിഡവൃത്തത്തിലും കവിതകൾ ധാരാളം എഴുതിയിട്ടുണ്ട്‌. പക്ഷേ, അവയൊന്നും പ്രസിദ്ധീകരിക്കാൻ അംബിക ടീച്ചർക്ക്‌ താത്‌പര്യമില്ല.

 1967-ൽ തൃശ്ശൂർ ട്രെയിനിങ്‌ കോളേജിൽ  പഠിക്കുമ്പോൾ, പണ്ഡിതാഗ്രേസരനായിരുന്ന ഗുരുശ്രേഷ്ഠൻ വിശ്വനാഥ ശർമയിൽ നിന്ന്‌ അക്ഷരശ്ലോക മത്സര വിജയിക്കുള്ള ബഹുമതിപത്രം ഏറ്റുവാങ്ങാൻ കഴിഞ്ഞത്‌, ജീവിതത്തിലെ  ധന്യ നിമിഷമായി ടീച്ചർ ഓർമയിൽ സൂക്ഷിക്കുന്നു.

 പണ്ഡിതകവിയും ‘കവനകൗതുകം’ മാസികയുടെ പത്രാധിപരുമായ കടലായിൽ പരമേശ്വരൻ, മഞ്ഞുമ്മൽ വി.കെ. ബാലകൃഷ്ണ പിള്ള, തൃപ്പൂണിത്തുറ രവീന്ദ്രൻ, ചന്ദ്രമതി ടീച്ചർ തുടങ്ങിയ ശ്ലോക വിദഗ്‌ധരുടെ കൂടെ ധാരാളം സദസ്സുകളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും സാധിച്ചത്‌ മറ്റൊരു ഭാഗ്യം.

 ആകാശവാണി തൃശ്ശൂർ-കൊച്ചി നിലയങ്ങളിലും തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌. നൂറുകണക്കിന്‌ ശിഷ്യരിലൂടെ അക്ഷരശ്ലോകത്തിനും കാവ്യകേളിക്കും പ്രചാരം നൽകുന്നതിൽ, 74-ാം വയസ്സിലും ഉത്സാഹത്തോടെയും സമർപ്പണബോധത്തോടെയും നീങ്ങുകയാണ്‌ ടീച്ചർ.


വര:  (കറുപ്പിലും വെളുപ്പിലും)

ജീവിതത്തിന്റെ വിവിധ  മുഖങ്ങളെ പെൻസിൽ  ഡ്രോയിങ്ങിലൂടെ പകർത്തുകയാണ്  കൊല്ലം സ്വദേശി വി. എസ്. ജയകുമാർ

# കെ.കെ.സുരേഷ് കുമാർ | mbisureshkk@gmail.com

ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്ന സാധാരണക്കാരുടെ ജീവിതക്കാഴ്ചകൾ ക്യാൻവാസിൽ പകർത്തുക. പെൻസിൽ ഡ്രോയിങ്ങിൽ പരീക്ഷണങ്ങൾ നടത്തിയ കൊല്ലം പുനല്ലൂർ അയണിക്കോട് വി.എസ്. ജയകുമാർ ഇപ്പോൾ  തെരുവുകളിലെ ജീവിതം മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

  ഒരു ഭാഗത്ത്  കുടിവെള്ളത്തിനായും  അതോടൊപ്പം  പ്രളയദുരിതത്തിൽ  ജനങ്ങൾ അഭിമുഖീകരിച്ച പ്രയാസങ്ങളും ഒരേ സമയം വരച്ചിടുകയാണ് ജയകുമാർ.  
 വ്യത്യസ്ത വിഷയങ്ങൾ ഒരേ സമയം കാഴ്ചക്കാർക്ക് മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിലൂടെ ചിത്രങ്ങൾ  എല്ലാവർക്കും പ്രിയങ്കരമാകുന്നു. ചെന്നൈക്ക് പുറമെ കേരളത്തിലും ചിത്രരചനകൾ നടത്തിയ ജയകുമാർ സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് കൂടുതൽ രചനകൾ നടത്താനുളള ശ്രമത്തിലാണ്.  

  കുടിവെള്ള ടാപ്പിൽ നിന്ന് ഇറ്റിവീഴുന്ന വെള്ള തുള്ളികളിൽ ദാഹമകറ്റാൻ ശ്രമിക്കുന്ന കുട്ടി, പട്ടിണിക്കോലമായി മാറിയ കുഞ്ഞ്, വിശപ്പിനിടയിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന കുട്ടികൾ, പിഞ്ചുകുഞ്ഞിനെ മാറോടണച്ച്  താലോലിക്കാൻ ശ്രമിക്കുന്ന സഹോദരൻ, പിഞ്ചുകുഞ്ഞിനെ പുറത്തേറ്റി നീങ്ങുന്ന ബാലിക, പ്രളയ
വെളളത്തിൽ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അമ്മ,  പ്രളയത്തിൽ രൂപപ്പെട്ട വെളളകെട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന വൃദ്ധൻ തുടങ്ങിയ ചിത്രങ്ങളെല്ലാം കാണികളെ ഏറെ ചിന്തിപ്പിക്കുന്നതാണ്.

  ജീവിത യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങളെന്നാണ് ജയകുമാർ തന്റെ രചനകളെ  വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ  ദുരിതമനുഭവിക്കുന്നവരുടെ പ്രതിസന്ധികൾ കലാകാരന്മാർ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു കൊണ്ടിരിക്കണം. അറിയപ്പെടാത്തവരുടെ  ജീവിതങ്ങൾ ജനമധ്യത്തിലേക്ക് എത്തിക്കണം.  ജയകുമാർ പറയുന്നു.

  മദർ തേരേസ, നെൽസൺ മണ്ടേല തുടങ്ങിയവരുടെ ചിത്രങ്ങളും ജയകുമാറിന്റെ ശേഖരത്തിലുണ്ട്. ആറുമണിക്കൂർ  മുതൽ  പത്തുമണിക്കൂർ വരെ സമയമെടുത്താണ് തന്റെ ചിത്രങ്ങൾ പൂർത്തികരിക്കുന്നത്. തിരുവാൺമിയൂർ  ഡിസൈൻ കമ്പനിയിൽ ജോലി ചെയ്യുന്ന ജയകുമാർ അവധി ദിവസങ്ങളിലാണ് തന്റെ ചിത്രങ്ങൾ പൂർത്തീകരിക്കുന്നത്. തന്റെ അമ്മാവന്റെ ചിത്ര രചനകൾ നിരീക്ഷിച്ചാണ് ജയകുമാറും വര തുടങ്ങിയത്.

 ഏഴാം ക്ലാസ് മുതൽ വരച്ച് തുടങ്ങിയ ജയകുമാർ രവി വർമ കോളേജിൽ നിന്ന് ബിരുദമെടുത്ത  ജയകുമാർ കുട്ടികളെ പഠിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  
   ചെന്നൈയിൽ കഴിഞ്ഞ വർഷം നടന്ന മാർഗഴി മഹോത്സവത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.