മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്തിന് തൊട്ടടുത്തായി പുറങ്കടലില്‍ നാലര മാസമായി 'ആംബര്‍ - എല്‍' എന്ന ആ കപ്പല്‍ കിടപ്പുണ്ട്; കൊച്ചിയില്‍ മീന്‍പിടിത്ത ബോട്ടിലിടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍. ഈ കപ്പലില്‍ പുറത്തിറങ്ങാന്‍ കഴിയാതെ 28 ജീവനക്കാരുമുണ്ട്. കപ്പലിന്റെ ക്യാപ്റ്റനും രണ്ട് ഓഫീസര്‍മാരും കൊച്ചിയില്‍ ഹോട്ടലില്‍ കഴിയുകയാണ്. ജൂണ്‍ 11-നായിരുന്നു അപകടം.

കൊച്ചിയില്‍നിന്ന് ഇന്ധനം നിറയ്ക്കാന്‍ വരുമ്പോള്‍ ബോട്ടിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബോട്ടിലെ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ കപ്പലിന് ഇനിയും കൊച്ചി വിടാനായിട്ടില്ല.

ഇതിനിടെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് ഓഫീസര്‍മാരെ കൊച്ചി കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മൂന്നുപേരും കുറച്ച് ദിവസം ജയിലില്‍ കിടന്നു. എല്ലാ തിങ്കളാഴ്ചയും ഇവരോട് പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കപ്പലില്‍ രണ്ട് മലയാളികള്‍ അടക്കം 28 പേരാണുള്ളത്. ഇവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് കൊച്ചിയിലെ കപ്പല്‍ ഏജന്‍സിയാണ്. നിയമ തടസ്സമുള്ളതിനാല്‍ കപ്പലിലെ ജീവനക്കാര്‍ക്കും പുറത്തിറങ്ങാനാവുന്നില്ല.

ഇതിനിടയില്‍ കപ്പലിലെ ചില ജീവനക്കാര്‍ രോഗബാധിതരായി. അവശരായ ഇവരെ ബോട്ടില്‍ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. കടലില്‍ വെറുതെ കിടക്കുന്നതിനാല്‍ കപ്പലും പ്രശ്‌നത്തിലാണ്. അടിഭാഗം ദ്രവിച്ചുതുടങ്ങി. പ്രൊപ്പല്ലറുകള്‍ക്കും തകരാറുണ്ട്. അടിഭാഗത്ത് കക്കയും മറ്റും പിടിച്ച് ജീര്‍ണാവസ്ഥയിലാണ്. കപ്പലിന്റെ അടിഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് കൊച്ചിയില്‍നിന്ന് ജോലിക്കാരെ എത്തിച്ച് ജോലികള്‍ തുടങ്ങിയിട്ടുണ്ട്.

കപ്പലിലെ ജീവനക്കാരുടെ അവസ്ഥയാണ് ദയനീയം. അടുത്ത ലക്ഷ്യം കൊളംബോയാണ്. നിയമപ്രകാരം ഇവര്‍ക്ക് അവിടെ മാത്രമേ ഇറങ്ങാനാവൂ. കപ്പല്‍ എന്നു പുറപ്പെടുമെന്ന് ഒരു നിശ്ചയവുമില്ല. ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അനങ്ങാതെ കിടക്കുന്ന കപ്പലിലെ ജീവിതം ഇവര്‍ക്ക് ദുരിതമാകുകയാണ്. കപ്പലിലുള്ള രണ്ട് മലയാളികളും സുരക്ഷാ ജീവനക്കാരാണ്. ആയുധം ൈകയിലുള്ളതിനാല്‍ അവര്‍ക്ക് ഒരു കാരണവശാലും പുറത്തിറങ്ങാനാവില്ലത്രെ.

ഇസ്രായേലില്‍നിന്ന് ചൈനയിലേക്ക് 29,000 ടണ്‍ യൂറിയയുമായി പോയ കപ്പലാണിത്. ചരക്ക് ഇപ്പോഴും കപ്പലിലുണ്ട്. അപകടത്തില്‍ മരിച്ച രണ്ട് തൊഴിലാളികള്‍ക്കും രക്ഷപ്പെട്ട് ചികിത്സയിലായിരുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശപ്രകാരം തീരുമാനമായിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍ കാണാതായ ഒരു തൊഴിലാളിയുടെ പ്രശ്‌നം അവശേഷിക്കുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലാണ് കേസ്. 17-ലേക്ക് മാറ്റിയിരിക്കുകയാണ് കേസ്. കൊച്ചി കോടതിയില്‍ കപ്പലിലെ ജീവനക്കാര്‍ക്കെതിരേയുള്ള കേസിലും തീരുമാനമുണ്ടാകണം. ഈ കേസില്‍ അടുത്ത ദിവസം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോസ്റ്റല്‍ പോലീസ് പറയുന്നു.

കേസ് കഴിഞ്ഞാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണം. തുടര്‍ന്ന് ഷിപ്പിങ് മന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. കപ്പല്‍ ഓടിക്കാന്‍ കഴിയുന്ന സ്ഥിതിയിലാണെന്ന് എം.എം.ഡി. ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണം. അവരുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ കപ്പലിന് പോകാനാവില്ല. കുരുക്കുകള്‍ നീങ്ങാന്‍ ഇനിയും കടമ്പകളുണ്ട്. കുരുക്കുകളഴിയുന്നതും കാത്ത് കാറ്റും മഴയും കടലും കണ്ട് കപ്പലില്‍ കഴിയുകയാണ് 28 പേര്‍.